കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി; സുഷമ സ്വരാജിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്കാരം വൈകിട്ട് ദില്ലിയിൽ

By Web TeamFirst Published Aug 7, 2019, 7:56 AM IST
Highlights

ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ദില്ലിയിലെ വസതിയിലും 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും. 

ദില്ലി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ദില്ലിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ദില്ലിയിലെ വസതിയിലും 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. 67 വയസ്സായിരുന്നു. ​സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ദില്ലിയിലെ വസതിയിലെത്തി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു.

ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ദില്ലി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.

പതിനഞ്ചാം ലോക്സഭയിൽ സുഷമ സ്വരാജ് പ്രതിപക്ഷനേതാവായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.

click me!