
ചെന്നൈ: കൊവിഡ് മാറാൻ തങ്ങളുടെ കടയിലെ ഹെർബൽ മൈസൂർപാക്ക് കഴിച്ചാൽ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതർ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്.
ഹെര്‍ബല്‍ മൈസൂര്‍ പാക് കഴിച്ചാല്‍ കൊവിഡ് മാറുമെന്നായിരുന്നു ബേക്കറിയുടെ പരസ്യം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. നിറയെ ഔഷധ ഗുണമുള്ള ഈ പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കൊവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും ഇത് ഫലപ്രദമാണെന്നുമായിരുന്നു കട ഉടമയുടെ അവകാശ വാദമെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
"എന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം പനികൾ ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് പടരാറുണ്ടായിരുന്നു. ശ്വാസം മുട്ടും അനുഭവപ്പെടും. അത് ലേഹ്യമായി വിൽക്കാൻ പ്രത്യേകം ലൈസൻസ് ആവശ്യമായതിനാൽ ഞങ്ങൾ അത് പലഹാരത്തിൽ പ്രയോഗിച്ചു" ഉടമ പറയുന്നു. 50 പ്രമേഹ രോഗികൾക്കും താൻ ഈ പലഹാരം നൽകിയിട്ടുണ്ടെന്നും ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. കട സീൽ ചെയ്തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂർ പാക്കും അത് നിർമിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam