ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നത് ഡിജിഎംഒ തല ചർച്ച; ആരാണ് ഡിജിഎംഒ? ചുമതലകൾ എന്തെല്ലാം?

Published : May 12, 2025, 10:38 AM ISTUpdated : May 12, 2025, 10:42 AM IST
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നത് ഡിജിഎംഒ തല ചർച്ച; ആരാണ് ഡിജിഎംഒ? ചുമതലകൾ എന്തെല്ലാം?

Synopsis

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്ന് ഡിജിഎംഒ തല ചർച്ച നടക്കും. ആരാണ് ഡിജിഎംഒ എന്നും ചുമതലകൾ എന്തെല്ലാമെന്നും അറിയാം

ദില്ലി: പാകിസ്ഥാനുമായി ഡിജിഎംഒ തല ചർച്ച മാത്രമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. സൈനിക തലത്തിലെ ചർച്ചകൾ മാത്രമേ പാകിസ്ഥാനുമായി ഇപ്പോഴത്തെ സംഘർഷ സാഹചര്യത്തിലുള്ളൂ എന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിജിഎംഒ തല ചർച്ച നടക്കുക. ആരാണ് ഈ ഡിജിഎംഒ എന്നും എന്താണ് അദ്ദേഹത്തിന്‍റെ ചുമതലകൾ എന്നും നോക്കാം.

ആരാണ് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്?

രാജ്യത്തിന് അകത്തും അതിർത്തികളിലുമുള്ള സൈനിക നടപടികളുടെ മേൽനോട്ട ചുമതലയുള്ള കരസേനയിലെ മുതിർന്ന ഓഫീസറാണ് ഡിജിഎംഒ. ലെഫ്റ്റനന്‍റ് ജനറൽ രാജീവ് ഘായ് ആണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഡിജിഎംഒ. മേജർ ജനറൽ കാഷിഫ് അബ്ദുള്ളയാണ് പാകിസ്ഥാന്‍റെ ഡിജിഎംഒ.

ഡിജിഎംഒയുടെ ചുമതലകൾ 

കലാപങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും എതിരായ സൈനിക നീക്കത്തിന്റെ ആസൂത്രണവും മേൽനോട്ടവും ഡിജിഎംഒയ്ക്കാണ്. സായുധ സേനകളെ പ്രവർത്തന സജ്ജരാക്കി നിലനിർത്തുക എന്നതും ചുമതലയാണ്. മറ്റ് പ്രതിരോധ വിഭാഗങ്ങളുമായും മന്ത്രിമാരുമായും ഉള്ള ഏകോപനം, എതിർ രാജ്യത്തെ ഡിജിഎംഒയുമായി ആഴ്ച തോറും ഹോട്ട്‌ലൈനിലൂടെ ആശയവിനിമയം നടത്തുക പ്രത്യേകിച്ച് സംഘർഷം രൂക്ഷമാകുന്ന സമയങ്ങളിൽ എന്നിവയും ഡിജിഎംഒയുടെ ഉത്തരവാദിത്വമാണ്. കരസേനാ മേധാവിക്കും പ്രതിരോധ മന്ത്രാലയത്തിനും ദൈനംദിന പ്രവർത്തന വിവരങ്ങൾ നൽകുന്നതും ഡിജിഎംഒമാരാണ്. 

വെടിനിർത്തൽ തീരുമാനം വന്നത് പാക് ഡിജിഎംഒ വിളിച്ച ശേഷം

മെയ് 10ന് ഇരു രാജ്യങ്ങളും വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയത് ഡിജിഎംഒമാർ തമ്മിലെ ആശയവിനിമയത്തിന് ശേഷമാണ്. ശനിയാഴ്ച വൈകുന്നേരം 3.35ന് പാക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ വിളിച്ച് വെടിനിർത്തലിന് ധാരണയിൽ എത്തുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ ആ ധാരണ ലംഘിച്ചതോടെ ഇന്ത്യ ശക്തമായ താക്കീത് നൽകിയിരുന്നു.

അതേസമയം ഇന്നലെ അതിർത്തി ശാന്തമായിരുന്നു. ജമ്മു മേഖലയിൽ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നത്തെ ചർച്ചകൾ നിർണായകമാണ്. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ തയ്യാറെന്ന് ഇന്ത്യയുടെ കര നാവിക വ്യോമ സേനകൾ അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മു കശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ഉണ്ടായ നാശനഷ്ടം കണക്കെടുക്കാൻ നടപടികൾ തുടങ്ങി. 
 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ