
ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം തകർന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്ഥലസയന പെരുമാൾ ക്ഷേത്രത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ മേൽക്കൂരയാണ് തകർന്നത്.
ഗംഗായികൊണ്ടൻ മണ്ഡപത്തിന്റെ തൂണുകൾക്ക് മുകളിലായുള്ള ഗ്രാനൈറ്റ് മേൽക്കൂരയാണ് തകർന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നതാണ്.
ഹിന്ദു റിലീജിയസ് ചാരിറ്റബിൾ എന്റോവ്‌മെന്റ് വകുപ്പിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം 14ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്നാണ് കരുതുന്നത്. ആഘോഷ സമയത്ത് ആചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ചിത്തിര ബ്രഹ്മോത്സവ സമയത്ത് ക്ഷേത്രത്തിലെ വിഗ്രഹം എഴുന്നള്ളത്തിന് ശേഷം ഈ മണ്ഡപത്തിൽ വയ്ക്കാറുണ്ട്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മാമല്ലപുരം എന്ന പേരിലും അറിയപ്പെടുന്ന ഈ പ്രദേശം മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയിലൂടെയാണ് അന്തർദേശീയ വാർത്തകളിൽ അടക്കം ഇടംപിടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam