'മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കും', തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്താവന വിവാദത്തിൽ

By Web TeamFirst Published Jul 15, 2021, 4:36 PM IST
Highlights

മാധ്യമങ്ങളുടെ വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ലെന്നും മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കുമെന്നുമാണ് തമിഴ്നാട്ടിൽ ബിജെപി പൊതുയോഗത്തിൽ അണ്ണാമലൈ പറഞ്ഞത്. 

ചെന്നൈ: മാധ്യമങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലയുടെ പ്രസ്താവന വിവാദത്തിൽ. ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഈ മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കും തുടങ്ങി, തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസംഗത്തിലെ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്.

മാധ്യമങ്ങളുടെ വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല, മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കും. കേന്ദ്രമന്ത്രിയായ തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഇത് നടപ്പാക്കും. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യിൽ സുരക്ഷിതമാണെന്നുമായിരുന്നു പരാമർശം. തമിഴ്നാട്ടിൽ ബിജെപി പൊതുയോഗത്തിലാണ് അണ്ണാമലൈ മാധ്യമ നിയന്ത്രണത്തെക്കുറിച്ചുള്ള പരാമർശം നടത്തിയത്. 

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ബിജെപി അധ്യക്ഷനായി  തെരഞ്ഞെടുത്തത്. തമിഴ്നാട് അധ്യക്ഷനായിരുന്ന എൽ മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ച പശ്ചാത്തലത്തിലാണ് അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷ പദവിയിലെത്തിയത്. 2000 ത്തിലാണ് ഐപിഎസ് രാജിവച്ച് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!