കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍

By Web TeamFirst Published Jun 16, 2021, 11:58 AM IST
Highlights

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുന്നതും തുടരും. പിപിഇ കിറ്റ് തുക ഉൾപ്പടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. 

ചെന്നൈ: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് തമിഴ്നാട്ടില്‍ കൂടുതല്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ഡിഎംകെ. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നാലായിരം രൂപയുടെ ധനസഹായവും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. സ്വകാര്യ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ ഉറപ്പ് വരുത്താന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് ഇന്‍ഷുറന്‍സിനായി പ്രത്യേക തുക വകയിരുത്തി.

കൊവിഡ് ദുരിതങ്ങള്‍ക്കിടെ താല്‍ക്കാലിക ആശ്വാസത്തിനായി 340 കോടി രൂപയാണ് ഡിഎംകെ സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.  രണ്ടരലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 4000 രൂപ നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലത്തെ ഈ ധനസഹായം വരും മാസങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു .15 കിലോ അരിയും സൗജന്യ ഭക്ഷ്യകിറ്റും ഇതിനൊപ്പം നല്‍കുന്നുണ്ട്. സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ ഏര്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പിപിഇ കിറ്റ് ചെലവ് ഉള്‍പ്പടെ സര്‍ക്കാര്‍ വഹിക്കുമെന്നും സൗജന്യ ചികിത്സ ഉറപ്പ് വരുത്താനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ജോലി നഷ്ടമായവര്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ഇതിനായി 84 കോടിരൂപ വകയിരുത്തി. കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനവും പ്രഖ്യാപിച്ചു. 

കോര്‍പ്പറേഷന്‍ ജീവനകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 25 ലക്ഷം രൂപയുടേയും മാധ്യമപ്രവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപയുടേയും കൊവിഡ് ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ നല്‍കും. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. കൊവിഡ് ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടമായ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. കൊവിഡിനിടെ ജോലി നഷ്ടമായ സ്ത്രീകള്‍ക്ക് 6000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂണ്‍ 4 വരെ 231 കോടി രൂപയാണ് ലഭിച്ചത്.

click me!