
ചെന്നൈ: ജയിലിൽ മിന്നൽ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നായ പുഴൽ സെൻട്രൽ ജയിലിൽ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. ജയിലിലെ തടവുകാരുമായും അദ്ദേഹം സംസാരിച്ചു. എഡിജിപി ഡോ. സന്ദീപ് റായ് റാത്തോഡ്, ചെന്നൈ റെയ്ഞ്ച് ഡിഐജി ടി. പളനി, സൂപ്രണ്ട് കൃഷ്ണരാജ് തുടങ്ങിയ മുതിർന്ന പൊലീസ്, ജയിൽ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തടവുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജയിലിലെ ഭക്ഷണത്തിന്റെ നിലവാരം, മെഡിക്കൽ സെന്റർ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രി പരിശോധിച്ചു. ജയിലിലെ സൗകര്യങ്ങളെക്കുറിച്ചും തടവുകാരിൽനിന്ന് അഭിപ്രായം തേടി. തടവുകാരുടെ ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. ജയിലിലെ ക്ലാസ്മുറികൾ, ലെെബ്രറി, കമ്പ്യൂട്ടർ പരിശീലന കേന്ദ്രം, ഐസോലേഷൻ വാർഡ്, സന്ദർശകർക്കുള്ള ഹാൾ, ലഹരി വിമുക്ത കേന്ദ്രം തുടങ്ങിയവയും മുഖ്യമന്ത്രി സന്ദർശിച്ചു. പുഴൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിലും മുഖ്യമന്ത്രിയെത്തി.
ജയിൽ സന്ദർശനത്തിന് ശേഷം ഇതിനോട് ചേർന്നുള്ള പുഴൽ പൊലീസ് സ്റ്റേഷനിലും മുഖ്യമന്ത്രി പരിശോധന നടത്തി. സ്റ്റേഷനിലെ രേഖകളെല്ലാം പരിശോധിച്ച മുഖ്യമന്ത്രി, എസ്ഐയുടെ ഓഫീസ് മുറിയും പരിശോധിച്ചു. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ നടത്തുന്ന മിന്നൽ സന്ദർശനങ്ങളുടെ ഭാഗമായിട്ടായിരുന്നു വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ജയിലിലെ പരിശോധന. മൂന്നുമാസം മുൻപ് ഒരു സർക്കാർ ആശുപത്രിയിലും ഇതിനുപിന്നാലെ ചെന്നൈയിലെ ദളിത് വിദ്യാർഥികളുടെ ഹോസ്റ്റലിലും വിജയ് സമാനരീതിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam