
ചെന്നൈ: തമിഴ്നാട്ടിൽ റവന്യു ജീവനക്കാര്‍ നാളെ മുതൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികളിൽ സഹകരിക്കില്ല. അമിത ജോലിഭാരമെന്നും ജില്ലാ കളക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നും ആരോപിച്ചാണ് എസ്ഐആര്‍ നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ (FERA) അറിയിച്ചു. ശരിയായ പരിശീലനം നൽകാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി. ബിഎൽഒമാരായി ജോലി ചെയുന്ന അങ്കണവാടി ജീവനക്കാർ, മുനിസിപ്പൽ -കോര്‍പ്പറേഷൻ ജീവനക്കാർ, അധ്യാപകർ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയവരുടെയും പിന്തുണയുണ്ടെന്നും റവന്യു ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കും. ജില്ലാ കളക്ടർമാർ അർധരാത്രി വരെ നടത്തുന്ന അവലോകന യോഗങ്ങളും ദിവസം മൂന്ന് തവണയുള്ള വീഡിയോ കോൺഫറന്‍സുകളും അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.