ചെന്നൈ: ദക്ഷിണേന്ത്യ പിടിക്കാനുള്ള ബിജെപിയുടെ കരുനീക്കങ്ങള്‍ക്കിടെയാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ നില മെച്ചപ്പെടുത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അണ്ണാഡിഎംകെയോട് ബിജെപി ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് കളമൊരുങ്ങിയ സാഹചര്യത്തിൽ സീറ്റ് വിഭജനത്തിന്‍റെ പേരിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ കോണ്‍ഗ്രസ് സഖ്യം.
കേന്ദ്രപദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുമാസത്തിനിടെ തമിഴ്നാട്ടില്‍ എത്തിയത് മൂന്ന് തവണയാണ്. അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ്, നിര്‍മ്മലാ സീതാരാമന്‍ തുടങ്ങി ദേശീയ നേതാക്കള്‍ തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്താണ് ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. രജനികാന്ത് പിന്‍മാറിയെങ്കിലും ചെറുകക്ഷികളെ അടുപ്പിച്ച് അണ്ണാഡിഎംകെയ്ക്ക് ഒപ്പം ഭരണതുടര്‍ച്ച ലക്ഷ്യമിട്ടാണ് ബിജെപി പ്രചാരണം. പരമാവധി സീറ്റുകള്‍ ജയിച്ച് തമിഴകത്ത് നിര്‍ണായക ശക്തിയായി വളരണമെന്നാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 'വിജയ വേല്‍ വീര വേല്‍' എന്ന് വിശേഷിപ്പിച്ചാണ് പ്രചാരണം.
ബിജെപി വിരുദ്ധമുന്നണിയായി ചിത്രീകരിച്ചാണ് കോണ്‍ഗ്രസിനൊപ്പം ഡിഎംകെ സഖ്യം . പോരാട്ടത്തിന് ഒരുങ്ങുന്നത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ പേരില്‍ ഭിന്നത രൂക്ഷം. പുതുച്ചേരിയിലെ രാഷ്ട്രീയ പതനത്തിന് പിന്നാലെ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് ഡിഎംകെ. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് പുതുച്ചേരി. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിനുള്ള ശേഷമുള്ള സുപ്രധാന തെരഞ്ഞെടുപ്പാണ് വരുന്നത്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലായി മൂന്നാം മുന്നണി രൂപീകരണത്തിന് കമല്‍ഹാസനും ഒരുങ്ങുന്നു. അണ്ണാഡിഎംകെയിലെ അട്ടിമറി നീക്കത്തിന് ശശികലയിറങ്ങുമ്പോൾ, തമിഴകത്ത് ഇപ്പോഴും സസ്പെൻസ് ബാക്കിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam