
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസിലെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളിലും ലൈംഗിക പീഡന പരാതികളിലും മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നിദാ ഖാനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. നിദാ ഖാൻ എവിടെയുണ്ടെന്ന വിവരം അവരുടെ ഭർത്താവ് പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് അവിടെ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തുമെന്ന് അറിഞ്ഞ് നിദാ ഖാൻ ഇവിടെ നിന്നും ഒളിവിൽ പോയതായാണ് പോലീസ് നിഗമനം.
താൻ ഗർഭിണിയാണെന്നും അതിനാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദാ ഖാൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തന്റെ ആരോഗ്യനില കണക്കിലെടുത്ത് മാനുഷിക പരിഗണന നൽകണമെന്നാണ് ഇവരുടെ വാദം. നാസികിലെ ടിസിഎസ് ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന പരാതി. കൂടാതെ, ലൈംഗിക പീഡന പരാതികൾ ഗൗരവമായി എടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്. ഈ കേസ് പൊലീസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിദാ ഖാൻ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ടിസിഎസ് കഴിഞ്ഞ ആഴ്ച തന്നെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതികളായ മറ്റ് 10 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam