പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനമായി വിമാനയാത്ര ഒരുക്കി അധ്യാപകന്‍

By Web TeamFirst Published Jul 25, 2019, 12:59 PM IST
Highlights

തന്‍റെ ഈ ഉദ്യമം വരും വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിശാഖപട്ടണം: പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനമായി വിമാനയാത്ര ഒരുക്കി അധ്യാപകന്‍. ജല്ലുരു ജില്ലയിലെ സില്ല പരിഷത്ത് ഹൈസ്കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രോത്സാഹനമായി മൂന്നുദിവസത്തെ ഹൈദരാബാദ് സന്ദര്‍ശനത്തിന് അവസരം ലഭിച്ചത്. 

സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ കെ വെങ്കട ശ്രീനിവാസ റാവുവാണ് വ്യത്യസ്തമായ രീതിയില്‍ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചത്. എസ് അഞ്ജലി, സി എച്ച് നീരജ എന്നിവരെ വിമാനത്തില്‍ കയറ്റി മൂന്നുദിവസം ഹൈദരാബാദിലേക്ക് യാത്ര കൊണ്ടുപോകുകയായിരുന്നു. 52-കാരനായ റാവുവിന്‍റെ ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യയും യാത്രയില്‍ ഇവരെ അനുഗമിച്ചിരുന്നു.  

വിലയേറിയ സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കുന്ന ട്രെന്‍ഡില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് മാനസികമായി സന്തോഷം നല്‍കാനാണ്  ഉന്നത വിജയം കരസ്ഥമായ വിദ്യാര്‍ത്ഥിനികളെ ഹൈദരാബാദിലേക്ക് യാത്ര കൊണ്ടുപോയതെന്ന് വെങ്കട ശ്രീനിവാസ റാവു പറഞ്ഞു. തന്‍റെ ഈ ഉദ്യമം വരും വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ജൂലൈ 19-ന് വിശാഖപട്ടണത്ത് നിന്നും യാത്ര തിരിച്ച ഇവര്‍ ജൂലൈ 22-നാണ് തിരികെയെത്തിയത്. വിദ്യാര്‍ത്ഥികളെ മക്കളെ പോലെ സ്നേഹിക്കുന്ന വെങ്കട ശ്രീനിവാസ റാവു നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവും വഹിക്കുന്നുണ്ട്. ഇംഗീഷ് വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിനായി നാലുവര്‍ഷത്തെ പരിശീലന പരിപാടിയും അദ്ദേഹം നടത്തുന്നുണ്ട്. 

click me!