
ഹൈദരാബാദ്: തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ബസുകൾ തയ്യാറാക്കി. ബിആർഎസ് നേതൃത്വം കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭീതിയിലാണ് ബസുകൾ തയ്യാറാക്കിയത്. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്. കർണാടകത്തിൽ ഉപമുഖ്യമന്ത്രിയാണ് ഡികെ ശിവകുമാർ. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സ്വന്തം എംഎൽഎമാരെ കോൺഗ്രസ് കർണാടകത്തിലേക്ക് മാറ്റും. ഇതിനായാണ് ബസുകൾ തയ്യാറാക്കിയത്.
തുടർ ഭരണമെന്ന ബിആർഎസ് സ്വപ്നം തകർത്ത് തെലങ്കാനയിൽ അധികാരം പിടിക്കാൻ അരയും തലയും മുറുക്കിയാണ് ഇക്കുറി കോൺഗ്രസ് രംഗത്തിറങ്ങിയത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ക്യാംപിലെ പ്രതീക്ഷ. എന്നാൽ ബിആർഎസ് ഫലം വരും മുന്നേ കോൺഗ്രസ് എംഎൽഎമാരെ സ്വന്തം ചേരിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
ബിആർഎസ് കോൺഗ്രസ് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നെന്നാണ് ഡി കെ ശിവകുമാർ ആരോപിച്ചത്. ജാഗ്രതയോടെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 9ന് സർക്കാർ രൂപീകരണം എന്ന് തെലങ്കാന കോൺഗ്രസ് ഓഫീസിനു മുന്നിൽ ഫ്ലെക്സ് ബോർഡ് പതിച്ചിട്ടുണ്ട്. കോൺഗ്രസ് ജയിക്കും എന്നും ആഘോഷങ്ങൾ ഇതിനകം തുടങ്ങി എന്നും ഫ്ലെക്സ് ബോർഡിൽ പറയുന്നു.
അതിനിടെ സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 71 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 31 സീറ്റുകളിലാണ് സംസ്ഥാനം ഭരിക്കുന്ന ബിആർഎസിന് ലീഡുള്ളത്. ബിജെപി അഞ്ചിടത്ത് മുന്നിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam