Latest Videos

'ഒരു പോലെ ഒമ്പത് കൊലപാതകം'; തെലങ്കാന പ്രതികൾ സീരിയൽ കില്ലേഴ്സെന്ന് പൊലീസ്

By Web TeamFirst Published Dec 19, 2019, 12:48 PM IST
Highlights

പ്രതികൾ സമാനമായ രീതിയിൽ കൊന്നുതള്ളിയത് ഒൻപത് സ്ത്രീകളെയെന്ന പൊലീസ് റിപ്പോർട്ട് പുറത്ത്. ചോദ്യം ചെയ്യലിന്റെ സമയത്താണ്  പ്രതികൾ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഹൈദരാബാദ്: തെലങ്കാനയിൽ വെറ്റിറനറി ഡോക്ടറെ കൂട്ടബലാത്സം​ഗത്തിന് ശേഷം ചുട്ടുകൊന്ന കേസിൽ പൊലീസ് വെടിവച്ച് കൊന്ന പ്രതികൾ സമാനമായ രീതിയിൽ കൊന്നുതള്ളിയത് ഒൻപത് സ്ത്രീകളെയെന്ന പൊലീസ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന്റെ സമയത്താണ് പ്രതികൾ കുറ്റസമ്മതം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസിന്റെ ഈ വെളിപ്പെടുത്തൽ സംഭവത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. തെളിവെടുപ്പിന് എത്തിച്ച സമയത്ത് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് നാലുപേരെയും പൊലീസ് വെടിവച്ച് കൊന്നിരുന്നു. പൊലീസ് നടപടി ദേശീയ തലത്തിൽ വൻവിമർശനത്തിന് കാരണമായിത്തീരുകയും ചെയ്തു..

മുഹമ്മദ് ആരിഫ്, ചെന്നകേശവലു, ജൊല്ലു ശിവ, ജോല്ലു നവീൻ എന്നീ പ്രതികളിൽ മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നീ പ്രതികളാണ് ഇത്തരത്തിൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നതെന്ന് ദേശീയമാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തെലങ്കാനയിലെ മൂന്ന് ജില്ലകളായ രം​ഗറെഡ്ഡി, സം​ഗറെഡ്ഡി, മെഹബൂബ് ന​ഗർ എന്നിവിടങ്ങളിൽ മൂന്ന് പേരെയും ബാക്കി ആറ് പേരെ കർണാടകയിലും വച്ച് കത്തിച്ചുകൊന്നതായി പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവർ കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് സ്ഥിരമായി ചരക്കുമായി പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ പ്രതികളുടെ യാത്രക്കിടയിലാണ് വനിത വെറ്ററിനറി ഡോക്ടറും  കൊല്ലപ്പെടുന്നത്. 

പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് ലോറിയിൽ പോകുമ്പോഴാണ് ഇത്തരത്തിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു തള്ളിയിരുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് ഭാഷ്യം. ദേശീയപാതകൾക്ക് സമീപം സ്ത്രീകളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.   

നവംബര്‍ 27നാണ് തെലങ്കാനയിൽ വെറ്റിറനറി ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നത്. സംഭവത്തില്‍ നാലു പേരെയാണ് പൊലീസ് പിടികൂടിയത്. രാജ്യത്താകമാനം ഈ കേസ് ചർച്ചയാവുകയും തെലങ്കാനയിൽ പൊലീസിനെതിരെ വൻവിമർശനവും ഉയർന്നിരുന്നു. പിന്നീട് തെളിവെടുപ്പിനിടെ എല്ലാ പ്രതികളും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. 

click me!