
ദില്ലി: റോഡ് വീതി കൂട്ടൽ പദ്ധതിയുടെ ഭാഗമായി ദില്ലിയിൽ ക്ഷേത്രവും മുസ്ലിം പള്ളിയും പൊളിച്ചുനീക്കി. ഭജൻപുര ചൗക്കിലെ രണ്ട് ആരാധനാലയങ്ങളാണ് നീക്കിയത്. കനത്ത പൊലീസ് സന്നാഹത്തോടെയാണ് പിഡബ്ല്യുഡി ആരാധനാലയങ്ങൾ പൊളിച്ചുനീക്കിയത്. പൊളിക്കുന്നതിന് മുമ്പ് നാട്ടുകാരുമായും പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന മതനേതാക്കളുടെ യോഗത്തിലാണ് പൊളിക്കലുമായി മുന്നോട്ട് പോകാനുള്ള അന്തിമ തീരുമാനമെടുത്തത്. രാവിലെ ആറ് മണിയോടെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) വിഭാഗം സുരക്ഷാ സേനയോടൊപ്പം പ്രദേശത്തെത്തിയതോടെയാണ് പൊളിക്കൽ ആരംഭിച്ചത്.
സഹാറൻപൂർ ഹൈവേയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായി മേൽപ്പാലം നിർമ്മിക്കുന്നതിന് ആരാധനാലയങ്ങൾ തടസ്സമായിരുന്നു. സമാധാനപരമായാണ് ഇവ പൊളിച്ചുനീക്കിയതെന്ന് നോർത്ത് ഈസ്റ്റ് ഡിസിപി ജോയ് എൻ ടിർക്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയെന്നും ക്ഷേത്രം പൊളിക്കും മുമ്പ് ഭക്തർ ഇവിടെയെത്തി പൂജ നടത്തിയ ശേഷം പൂജാരി തന്നെ നീക്കം ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, ദില്ലി ലെ. ഗവർണർ വിനയ് കുമാർ സക്‌സേനയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി രംഗത്തെത്തി. ആരാധനാലയങ്ങൾ പൊളിക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ പരിഗണിച്ചില്ലെന്നും അഷിതി പറഞ്ഞു. ദില്ലിയിലെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തകർക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് എഴുതിയിരുന്നു. എന്നാൽ ഭജൻപുരയിലെ ക്ഷേത്രം തകർത്തു. ആരാധനാലയങ്ങൾ തകർക്കപ്പെടുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസം അവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അഷിതി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam