
ചെന്നൈ: തമിഴ്നാട് സെന്ദുരൈയില്‍ ദലിത് യുവാവിന്‍റെയും യുവതിയുടെയും വിവാഹത്തിന് മേല്‍ ജാതിക്കാര്‍ ക്ഷേത്രം തുറന്ന് കൊടുത്തില്ലെന്ന് പരാതി. സെന്ദുരയിലെ ചൊക്കനാഥപുരം ഗ്രാമത്തിലാണ് സംഭവം. അരുണ്‍ സ്റ്റാലിന്‍-ദിവ്യ എന്നിവരുടെ വിവാഹത്തിന് മുന്നോടിയായാണ് പെരുമാള്‍ ക്ഷേത്രത്തിന്‍റെ ഗേറ്റ് പൂട്ടിയത്. പരാതിയെ തുടര്‍ന്ന് പൊലീസും റവന്യൂ അധികൃതരും എത്തിയാണ് പൂട്ട് പൊളിച്ച് അകത്ത് കയറി, കനത്ത സുരക്ഷയോടെയാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്.
അരിയാലൂര്‍ പെരുമാള്‍ ക്ഷേത്രത്തിലായിരുന്നു ആദ്യം വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, അതേ ദിവസം ക്ഷേത്രത്തില്‍ നിരവധി വിവാഹങ്ങള്‍ നടക്കുന്നതിനാല്‍ ചൊക്കനാഥപുരത്തെ പെരുമാള്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ആളുകളെ ക്ഷണിച്ച് കത്ത് അച്ചടിക്കുകയും ചെയ്തു. നവംബര്‍ ഏഴിനായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനായി ക്ഷേത്രത്തില്‍ ഫീസ് അടച്ച് ബുക്ക് ചെയ്തെന്നും ഇവര്‍ അറിയിച്ചു.
എന്നാല്‍, മുഹൂര്‍ത്ത സമയമായ 11ന് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലാണ് കണ്ടത്. വിവാഹത്തിന്‍റെ തലേന്ന് പ്രദേശത്ത് മേല്‍ജാതിക്കാരുടെ തീരുമാനപ്രകാരമാണ് ക്ഷേത്രം അടച്ചിട്ടതെന്ന് മനസ്സിലായി. തുടര്‍ന്ന് ഇവരുടെ ബന്ധുവായ ശശികുമാര്‍ പൊലീസിനെയും ജില്ല അധികൃതരെയും വിവരം അറിയിച്ചു.
അഞ്ച് പൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഗേറ്റ് പൂട്ടിയത്. മൂന്ന് പൂട്ടുകളുടെ താക്കോല്‍ പൊലീസിന് ലഭിച്ചു. ബാക്കി രണ്ട് പൂട്ടുകള്‍ പൊളിച്ചാണ് അകത്തേക്ക് കയറിയത്. നൂറോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിലാണ് ഒടുവില്‍ വിവാഹം നടന്നത്. എന്നാല്‍, ഗ്രാമവാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുവാദമെന്നും ഇവര്‍ പുറത്തുനിന്നുള്ളവരായതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും ഒരുവിഭാഗം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam