
ദില്ലി: ഇന്ത്യയുടെ വാക്സീൻ കരാറിലെ നഷ്ടപരിഹാര നിബന്ധന വിദേശ വാക്സീനുകളുടെ ഇറക്കുമതിക്ക് തടസ്സമാകുന്നു. അടിയന്തര ഉപയോഗ അനുമതി കിട്ടിയ മോഡേണയുമായി നഷ്ടപരിഹാര നിബന്ധനയിൽ ചർച്ച തുടരുകയാണെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
വാക്സീൻ എടുക്കുന്നവരിലുണ്ടാകുന്ന പാർശ്വഫലങ്ങളുടെ നഷ്ടപരിഹാരം കമ്പനകിൾ വഹിക്കണമെന്ന നിബന്ധനയാണ് ഇപ്പോൾ വാക്സീൻ ഇറക്കുമതി വൈകിക്കുന്നത്. ഈ നിബന്ധനയിൽ ഇളവ് നൽകിയാൽ രാജ്യത്ത് വാക്സീൻ ലഭ്യമാക്കുമെന്ന് ഫൈസർ, ജോൺസൺ ആൻറ് ജോൺസ്ൺ, മൊഡേണ എന്നീ കമ്പനികൾ നേരത്തേ അറിയിച്ചിരുന്നു. മൊഡേണ വാക്സീൻറെ ഇറക്കുമതിക്ക് അനുമതി നൽകിയിട്ട് ഒരാഴ്ച്ച കഴിയുമ്പോഴും നിബന്ധനയെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
മോഡേണയുടെ ആദ്യ ലോഡ് ഈ ആഴ്ച്ച ഇന്ത്യയിലെത്തുമെന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിൻറെ നിഗമനം . യാത്രയ്ക്കും സംഭരണത്തിനുമിടയിൽ വാക്സീന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. അത് മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളുടെ ഉത്തരവാദിത്തം വഹിക്കില്ലെന്നാണ് കമ്പനികളുടെ വാദം. ബാക്കി വന്ന വാക്സീനിൽ 60 ലക്ഷം ഡോസുകൾ ഇന്ത്യയുൾപ്പടെയുള്ള സുഹൃദ രാജ്യങ്ങൾക്ക് നൽകുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. ഈ വാക്സീനുകൾ ലഭ്യമാക്കുന്നതിലും നഷ്ടപരിഹാര നിബന്ധന തടസ്സമാകുന്നുണ്ട്.
അതേ സമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കൂടുതലായ കേരളമടക്കം എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം ആവർത്തിച്ചു. പത്ത് ശതമാനത്തിന് മുകളിൽ പോസിറ്റിവിറ്റി നിരക്കുള്ള കേരളം, അരുണാചൽ പ്രദേശ്, മണിപ്പൂർ, അസം , മേഘാലയ, ത്രിപുര, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങൾക്കാണ് കത്തയച്ചത്. കൊവിഡ് വ്യാപനം പിടിച്ചു കെട്ടാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് കത്തിലെ നിർദേശം. ദേശീയ പോസിറ്റിവിറ്റി നിരക്ക് ഒരു മാസത്തിലേറെയായി അഞ്ച് ശതമാനത്തിൽ താഴെയാണ്. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 45892 പേർക്കാണ്. 817 പേർ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ചു മരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam