ഭീകരാക്രമണ സാധ്യത; തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ നിർദ്ദേശം

By Web TeamFirst Published Jun 21, 2019, 1:06 PM IST
Highlights

അബു അല്‍കിതാല്‍ എന്ന ഐഎസ് അനുകൂല സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ നിരീക്ഷണം ശക്തമാക്കി.

ചെന്നൈ: കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന ഐഎസ് അനുകൂല സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ആരാധനാലയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.

കോയമ്പത്തൂർ ഉൾപ്പെടുന്ന പടിഞ്ഞാറൻ തമിഴ്നാട്ടിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിർദ്ദേശം. ഐഎസുമായി ബന്ധമുള്ള സംഘടനയായ അബു അൽകിതാലിലെ അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അംഗങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിൽ നിന്നാണ് ആക്രമണം സംബന്ധിച്ച സൂചന ലഭിച്ചത്. എന്നാല്‍, ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി തമിഴ്നാട്ടിൽ പരിശോധന നടത്തിവരികയാണ്.

കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. മധുര, ചെന്നൈയിലെ പുഴൽ ജയിൽ എന്നിവിടങ്ങളിലും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. പത്തിലധികം പേരെ ചോദ്യം ചെയ്തു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടിൽ എൻഐഎ സംഘം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരിൽ കുനിയമുത്തൂരിൽ സ്ഥിരതാമസക്കാരനായ ഷിനോയ്‌ദിന്റെ വീട്ടിലാണ് കേന്ദ്രസംഘം റെയ്ഡ് നടത്തിയത്.

Also Read: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമെന്ന് സംശയം: 26 കാരന്റെ വീട്ടിൽ എൻഐഎ റെയ്‌ഡ്

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ അനുകൂലികളായ മൂന്ന്‌ യുവാക്കളെ ജൂൺ 17 ന് കോയമ്പത്തൂരില്‍ വച്ച് കേന്ദ്രസംഘം അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ്‌ ഹുസൈന്‍, ഷാജഹാന്‍, ഷെയ്‌ഖ്‌ സെയിഫുള്ള എന്നിവരാണ്‌ തമിഴ്‌നാട്‌ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്‌. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എന്‍ഐഎ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ മൂന്നിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്.

click me!