
ദില്ലി: ടെസ്ല മേധാവി ഇലോൺ മസ്കുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഇന്ത്യൻ വ്യവസായ രംഗം ഉറ്റുനോക്കുന്നു. അമേരിക്കക്ക് പുറത്തുള്ള ഇലക്ട്രിക് കാർ നിർമാണ കേന്ദ്രമായി ടെസ്‌ല ഇന്ത്യയെ തെരഞ്ഞെടുക്കുമോ എന്നതാണ് ആകാംക്ഷക്ക് കാരണം. എട്ട് വർഷം മുമ്പ് കാലിഫോർണിയയിൽ പ്രധാനമന്ത്രി ടെസ്‌ല ഫാക്ടറി സന്ദർശിക്കുകയും മസ്കിനെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യമായാണ് മോദി മസ്കിനെ കാണുന്നത്. മോദി-മസ്ക് കൂടിക്കാഴ്ചക്ക് പിന്നിൽ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ ടെസ്‌ല പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് ഇന്ത്യൻ സർക്കാറിന്റെ ആവശ്യം.
എന്നാൽ, നിർമാണത്തിന് മുമ്പ് ഇന്ത്യയിൽ ടെസ്‌ല കാറുകൾ ഇറക്കുമതി ചെയ്യാൻ മസ്കും ആഗ്രഹിക്കുന്നു. ഇന്ത്യയിൽ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ടെസ്‌ലയുടെ അഭ്യർത്ഥന ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. 100 ശതമാനത്തിനടുത്താണ് ടെസ്‌ല കാറുകൾക്ക് ഇറക്കുമതി തീരുവ. ഇക്കാര്യത്തിൽ രമ്യതയിലെത്തിയാൽ ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് മസ്കും ചിന്തിച്ചേക്കാം. അമേരിക്കക് പുറത്ത് പുതിയ നിർമ്മാണ കേന്ദ്രത്തിനുള്ള അനേവേഷണത്തിലാണ് മസ്ക്. ഈ വർഷം അവസാനത്തോടെ തീരുമാനമുണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടെസ്‌ലയ്ക്ക് ഇന്ത്യയിൽ താൽപ്പര്യമുണ്ടെന്ന് മസ്‌ക് പറഞ്ഞിരുന്നെങ്കിലും പ്രാവർത്തികമാകുമോ എന്നതിൽ തീരുമാനമായിട്ടില്ല. ടെസ്ല ഇന്ത്യയിൽ നിർമാണം തുടങ്ങിയാൽ ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് വലിയ കുതിച്ചുച്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
എഴുത്തുകാരൻ നിക്കോളാസ് നാസിം തലേബ്, നിക്ഷേപകനായ റേ ഡാലിയോ, ഫാലു ഷാ, ജെഫ് സ്മിത്ത്, മൈക്കൽ ഫ്രോമാൻ, ഡാനിയൽ റസ്സൽ, എൽബ്രിഡ്ജ് കോൾബി, പീറ്റർ ആഗ്രെ, സ്റ്റീഫൻ ക്ലാസ്‌കോ, ചന്ദ്രിക ടണ്ടൻ എന്നിവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. യുഎൻ ആസ്ഥാനത്ത് ലോക യോഗ ദിനം ആഘോഷിക്കാൻ യുഎൻ നേതാക്കളും പ്രതിനിധികളും പ്രധാനമന്ത്രി മോദിക്കൊപ്പം എത്തും. ജൂൺ 21 മുതൽ 24 വരെ രാജ്യത്തിന്റെ പ്രസിഡന്റും പ്രഥമ വനിതയുമായ ജോയുടെയും ജിൽ ബൈഡന്റെയും ക്ഷണപ്രകാരം മോദി യുഎസിലുണ്ടാകും. ജൂൺ 22 ന് അവർ മോദിയെ സംസ്ഥാന അത്താഴത്തിൽ ആതിഥേയത്വം വഹിക്കും. പര്യടനത്തിന്റെ ഭാഗമായി ജൂൺ 22ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലും പ്രധാനമന്ത്രി സംസാരിക്കും.
Read More... മോദിയുടെ സ്വപ്ന പദ്ധതിക്ക് ഒപ്പം നിന്നു; ടൈറ്റാനിക് തേടിപ്പോയി കാണാതായവരിൽ ബ്രിട്ടീഷ് വ്യവസായിയും