
ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരുന്നു വിജയുടെ സത്യപ്രതിജ്ഞ. വിജയുടെ വിജയാരവങ്ങൾക്കിടെ, തമിഴ്നാട് മുഖ്യമന്ത്രിയായാൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം ഏകദേശം 2.85 ലക്ഷം രൂപയാണ്. എംഎൽഎ എന്ന നിലയിലെ ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടുന്നതാണ് ഈ തുക. ഈ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിക്ക് ലഭിക്കുന്ന വാർഷിക വരുമാനം ഏകദേശം 34 ലക്ഷം രൂപയാകും.
ഇത് കൂടാതെ, മുഖ്യമന്ത്രിയായാൽ ഔദ്യോഗിക വസതി, സ്റ്റാഫ്, സുരക്ഷാ സംവിധാനം, യാത്രാ സൗകര്യങ്ങൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നീ ആനുകൂല്യങ്ങളും സൗകര്യങ്ങളുമുണ്ടാകും. പദവി ഒഴിഞ്ഞ ശേഷവും ചില ആനുകൂല്യങ്ങൾ വിജയ്ക്ക് ലഭിക്കും.
തെരഞ്ഞെടുപ്പിന് നാമനിർദേശം നൽകിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തിൽ വിജയുടെ ആസ്തി സംബന്ധിച്ച വിവരങ്ങളും ചർച്ചയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 624 കോടി രൂപയുടെ ആസ്തിയാണ് 'ദളപതി' വിജയ്ക്കുള്ളത്. ഇതില്‍ ബാങ്ക് നിക്ഷേപങ്ങള്‍ മുതല്‍ ലക്ഷ്വറി കാറുകള്‍ വരെ ഉള്‍പ്പെടുന്നു. രാജ്യത്തെ സമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ നിരയിലേക്കാണ് വിജയുടെ പേരും ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്.
സിനിമയിലും രാഷ്ട്രീയത്തിലും റിസ്ക് എടുത്ത ഓഹരി വിപണിയില്‍ വലിയ കളിക്ക് മുതിര്‍ന്നിട്ടില്ല. വെറും 19.37 ലക്ഷം രൂപ മാത്രമാണ് ഷെയറുകളിലുള്ളത്. മ്യൂച്വല്‍ ഫണ്ടുകളിലോ ബോണ്ടുകളിലോ നിക്ഷേപമില്ല. ഐ.ഒ.ബി ശാലിഗ്രാമം ബ്രാഞ്ചിലെ ഒരു സേവിങ്‌സ് അക്കൗണ്ടിൽ മാത്രം 213.36 കോടി രൂപയാണ് ബാലൻസ് ഉള്ളത്. ഇതിനു പുറമെ നാല് ബാങ്കുകളിലായി 100 കോടി രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ്, 220 കോടി രൂപയുടെ വസ്തുവകകൾ, 13.52 കോടി രൂപയുടെ വാഹനശേഖരം, 1.20 കോടി വിലവരുന്ന 883 ഗ്രാം സ്വര്‍ണ്ണം, ഭാര്യ സംഗീതയുടെ പേരിൽ 4.07 കോടിയുടെ സ്വര്‍ണ്ണം, ഒരു കോടി രൂപയുടെ വജ്രങ്ങൾ, വ്യക്തികൾക്കും ട്രസ്റ്റുകൾക്കുമായി കൊടുത്ത കടം 75.5 കോടി രൂപ എന്നിങ്ങനെ നീളുന്നു ഈ ലിസ്റ്റ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 184.53 കോടി രൂപയാണ് വിജയുടെ വരുമാനം.
അതേ സമയം, സിനിമകളിൽ അഭിനയിച്ചതിലൂടെ വർഷത്തിൽ 180 കോടിയിലേറെ രൂപ വരുമാനം നേടിയിരുന്ന വിജയിന് മുഖ്യമന്ത്രിയായാൽ ലഭിക്കുക ഏകദേശം 34 ലക്ഷം രൂപ മാത്രമായിരിക്കും. എന്നാൽ സാമ്പത്തിക വരുമാനത്തേക്കാൾ വലിയ ഉത്തരവാദിത്വമാണ് രാഷ്ട്രീയത്തിലൂടെ അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam