
ദില്ലി: കര്‍ഷക രോഷത്തെ (Farmers protest) തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ രോഷം മറച്ചുവെക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. ''നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയല്ലോ''- അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി.
വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പഞ്ചാബിലുണ്ടായിരുന്നത്. ഹുസൈന്‍ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭട്ടിന്‍ഡയിലാണ് വിമാനമിറങ്ങിയത്. എന്നാല്‍ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാല്‍ ഹുസൈന്‍വാലയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനായില്ല. ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് 20 മിനിറ്റോളം പ്രധാനമന്ത്രി ഭട്ടിന്‍ഡയില്‍ കാത്തിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത് ഉപേക്ഷിച്ച് റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രിക്ക് റോഡ് മാര്‍ഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോടും ഡിജിപിയോടും അന്വേഷിച്ചു. പോകാം എന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. ഇരുപത് മിനിറ്റ് കൊണ്ട് ഹെലികോപ്റ്ററില്‍ എത്താമായിരുന്ന യാത്ര അങ്ങനെ രണ്ട് മണിക്കൂറായി നീണ്ടു. സാധാരണ പ്രധാനമന്ത്രിയുടെ യാത്രക്കുള്ള സുരക്ഷ ഒരുക്കുമ്പോള്‍ ഹെലികോപ്റ്ററിലുള്ള യാത്ര എന്തെങ്കിലും സാഹചര്യത്തില്‍ മാറ്റേണ്ടി വരികയാണെങ്കില്‍ റോഡിലൂടെ സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നതാണ് സുരക്ഷാ പ്രോട്ടോക്കോള്‍.
അതനുസരിച്ച് പ്രധാനമന്ത്രി റോഡ് മാര്‍ഗം സഞ്ചരിക്കുമ്പോഴാണ് പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടഞ്ഞത്. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടികള്‍ നടക്കുമെന്ന് പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫിറോസ് പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് വന്നിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ബസ്സുകള്‍ പലയിടത്തായി തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam