'കൗ ഹഗ് ഡേ'; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു

Published : Feb 10, 2023, 05:19 PM ISTUpdated : Feb 10, 2023, 11:40 PM IST
'കൗ ഹഗ് ഡേ'; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു

Synopsis

പശുക്കളെ ആലിംഗനം ചെയ്യുന്നത് സമൂഹത്തിൽ സന്തോഷത്തിന് കാരണമാകുമെന്നായിരുന്നു വിവാദ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

ദില്ലി: പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ തീരുമാനം വലിയ വിവാദമായതിന് പിന്നാലെയാണ് സർക്കാരിന്‍റെ തലയൂരല്‍. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ വലിയ പരിഹാസം ഉയർന്നിരുന്നു. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആറിന് പുറപ്പെടുവിച്ച ആഹ്വാനം പിൻവലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. 

പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്. ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ ചുമതല. ആറാം തിയതിയാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന് ബോർഡ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തത്. ഇക്കാര്യം മുൻകൂട്ടി മന്ത്രാലയത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതേസമയം കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പർഷോത്തം രൂപാലയും ചില മന്ത്രിമാരും കഴിഞ്ഞ ദിവസം നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി