Farm laws| കര്‍ഷക സമരം തുടരാന്‍ തീരുമാനം; നേരത്തെ നിശ്ചയിച്ച റാലികള്‍ നടത്തും

Published : Nov 21, 2021, 02:44 PM ISTUpdated : Nov 21, 2021, 03:02 PM IST
Farm laws| കര്‍ഷക സമരം തുടരാന്‍ തീരുമാനം; നേരത്തെ നിശ്ചയിച്ച റാലികള്‍ നടത്തും

Synopsis

നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. 

ദില്ലി: പാര്‍ലമെന്‍റില്‍ കാര്‍ഷിക നിയമം (farm laws) പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം (farmers protest) തുടരാന്‍ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച യോ​ഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള കര്‍ഷക റാലികളും നടത്തും. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായിരുന്നു.

നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങേണ്ട എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. 

നിയമങ്ങള്‍ പിന്‍വലിച്ചത് കൂടാതെ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സമരം പൂര്‍ണ്ണ വിജയമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.

ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ ചടങ്ങുകൾക്ക് പിന്നാലെ കടുത്ത വയറുവേദന, നവവരന്റെ വീട്ടിലെത്തിയ വധു കുഞ്ഞിന് ജന്മം നൽകി
ഇഎംഎസ് മുതൽ ബുദ്ധദേവ് ഭട്ടാചാര്യ വരെ; പത്മ പുരസ്കാരങ്ങളും ഭാരതരത്നയുമടക്കം നിരസിച്ച സിപിഎം നേതാക്കൾ