
ദില്ലി:ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു. റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടാണ് ആഘാത ഗര്‍ത്തമായി മാറിയത്. ലഖ്‌നൗവിലെ വികാസ് നഗറിലായിരുന്നു സംഭവം. 20 അടിയോളം താഴ്ചയുള്ള ആഘാത ഗര്‍ത്തമാണ് റോഡിന്‍റെ മധ്യഭാഗത്തായി രൂപപ്പെട്ടത്. ഇതോടൊപ്പം റോഡിൽ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. വലിയ ആഘാതമായ ഗര്‍ത്തത്തില്‍ വീഴാതെ കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ടായിരുന്നു. ഇതിനിടെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന്‍റെ മുന്‍ഭാഗം കടന്നുപോയെങ്കിലും പിന്‍ ടയറുകള്‍ ഗര്‍ത്തത്തിലേക്ക് വീണു വീണില്ല എന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് കാര്‍ സ്ഥലത്തുനിന്ന് നീക്കിയത്.
ഏറെ വാഹനത്തിരക്കേറിയ റോഡിലാണ് സംഭവം. റോഡ് കൂടുതല്‍ ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പൊലീസെത്തി റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്. ഇന്ന് ലഖ്‌നൗവിൽ വൻ തോതിൽ മഴ പെയ്തിരുന്നു. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലഖ്‌നൗവിൽ ഇത് മൂന്നാം തവണയാണ് റോഡ് ഇടിഞ്ഞുതാഴുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam