മനോഹർ പരീക്കർക്ക് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍; സംസ്കാരം വൈകീട്ട് പനാജിയിൽ

By Web TeamFirst Published Mar 18, 2019, 12:59 PM IST
Highlights

ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മനോഹർ പരീക്കറുടെ മൃതദേഹം വിലാപ യാത്രയായി ബിജെപി സംസ്ഥാന ഓഫീസിൽ എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിലാപ യാത്രയിൽ അണിനിരന്നത്. 

പനാജി: അന്തരിച്ച ഗോവൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കര്‍ക്ക് ആദരാഞ്ജലി ആര്‍പ്പിച്ച് ആയിരങ്ങള്‍. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപ യാത്രയായി ബിജെപി സംസ്ഥാന ഓഫീസിൽ എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിലാപ യാത്രയിൽ അണിനിരന്നത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ ഗോവയിലെത്തും. സംസ്കാരം വൈകിട്ട് അഞ്ചുമണിക്ക് ഗോവ തലസ്ഥാനമായ പനാജിയിൽ നടക്കും. 

രാജ്യമെങ്ങും ദുഃഖാചരണത്തിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏറെ നാളായി അർബുദ ബാധിതനായിരുന്ന  മനോഹർ പരീക്കർ ഇന്നലെ രാത്രിയാണ് വിടവാങ്ങിയത്.  രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു മനോഹർ പരീക്കർ.

മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ എന്ന മനോഹർ പരീക്കർ 1955 ഡിസംബർ 13ന് ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ആർഎസ്എസിൽ ആകൃഷ്ടനായി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകും മുമ്പ് തന്നെ പരീക്കർ ആർഎസ്എസിന്‍റെ നേതൃനിരയിലേക്ക് ഉയർന്നിരുന്നു. വിദ്യാഭ്യാസവും സംഘബന്ധവും ഒരുപോലെ കൊണ്ടുപോയ മനോഹർ പരീക്കർ പിന്നീട് ബോംബെ ഐഐടിയിൽ നിന്ന് മെറ്റലർജിക്കിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി.

ഉന്നത പഠനത്തിന് ശേഷം പരീക്കർ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ആർഎസ്എസിൽ നിന്ന് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ട പരീക്കർ 1994ൽ ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐഐടി പശ്ചാത്തലമുള്ള രാജ്യത്തെ ആദ്യ എംഎൽഎ ആയിരുന്നു അദ്ദേഹം. 1999ൽ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയർന്നു. 2000 മുതൽ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ൽ ഗോവൻ മുഖ്യമന്ത്രിയായി പരീക്കറിന് രണ്ടാം ഊഴമെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിതമായാണ് മനോഹർ പരീക്കറെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിയത്.

2014ൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് മനോഹർ പരീക്കർ ആയിരുന്നു. 2014ൽ തന്നെ അദ്ദേഹം യുപിയിൽ നിന്ന് രാജ്യസഭയിലെത്തി. എതിരില്ലാതെയാണ് പരീക്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ വിശ്വസ്തനായ പരീക്കറെ തന്നെ ദില്ലിയിൽ വേണമെന്ന നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിർബന്ധബുദ്ധിയാണ് മനോഹർ പരീക്കറുടെ ദേശീയ രാഷ്ട്രീയ പ്രവേശത്തിന് നിയോഗമായത്. പിന്നീട് ഗോവന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ സംസ്ഥാനത്ത് ഭരണം ഉറപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം പരീക്കറിനെ ആ ദൗത്യവും ഏല്‍പ്പിക്കുകയായിരുന്നു. 

click me!