അമിതാഭ് ബച്ചന്റെ വീട്ടിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് ഭീഷണി: തമാശയ്ക്ക് ചെയ്തതാണെന്ന് യുവാക്കള്‍

By Web TeamFirst Published Aug 8, 2021, 6:46 AM IST
Highlights

മദ്യലഹരിയില്‍ തമാശക്ക് ചെയ്തതാണെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയെങ്കിലും ജാഗ്രത കൈവിട്ടിട്ടില്ല. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.
 

മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെയും മുംബൈയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസ് ഏറെ വലഞ്ഞു. ഭീഷണി ഫോണ്‍കോളിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി.  രമേശ് ഷിര്‍ഷട്, രാജു കാംഗ്നെ, ഗണേഷ് ഷെല്‍ക്കെ എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരാണ്.

മദ്യലഹരിയില്‍ തമാശക്ക് ചെയ്തതാണെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയെങ്കിലും ജാഗ്രത കൈവിട്ടിട്ടില്ല. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അറസ്റ്റ് ചെയ്ത യുവാക്കളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചെന്നായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതോടെ പൊലീസും ആര്‍പിഎഫും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉടനടി പരിശോധനകള്‍ നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഈ സന്ദേശത്തില്‍ പറഞ്ഞ സ്ഥലങ്ങളിലൊന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!