
കൊച്ചി: ലക്ഷദ്വീപിലെ നിയമ പരിഷ്ക്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോൾ പ്രതികാര നടപടിയുമായി അഡ്മിനിസ്ട്രേഷൻ. പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചെന്നാരോപിച്ച് സർക്കാർ ജീവനക്കാരനടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ബിത്ര ദ്വീപിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെയും അഗതിയിൽ രണ്ട് വിദ്യാർത്ഥികളെയുമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് അശ്ലീല വാട്സപ്പ് സന്ദേശമയച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശം അനുസരിച്ചാണ് സൈബർ സെൽ സഹായത്തോടെ മൂന്ന് പേരെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം.
ഇതിനിടെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ബിജെപി നേതൃത്വവും രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം കോഴിക്കോട് വച്ച് പറഞ്ഞു. ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്കാരങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും മുഹമ്മദ് കാസിം വ്യക്തമാക്കി.
ഡയറിഫാമുകൾ അടയ്ക്കാനുള്ള ഉത്തരവ് വന്നതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റ് തുടങ്ങാനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികളും തുടങ്ങിയെന്നാണ് വിവരം. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ ഇതുവരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തയ്യാറായിട്ടില്ല.
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ കറുത്ത തുണികൊണ്ട് കൈകൾ ബന്ധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam