രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ മൂന്നിടങ്ങളില്‍ സ്ഫോടനം; പാലത്തിന്‍റെ ഒരുഭാഗം തകർന്നു

By Web TeamFirst Published Apr 24, 2024, 2:03 PM IST
Highlights

ഇംഫാലിനെയും നാഗലാന്‍റിലെ ദിമാപൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗമാണ് തകർന്നത്.

ഇംഫാൽ: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ മൂന്നിടങ്ങളില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരു പാലത്തിന് കേടുപാട് സംഭവിച്ചു. കാങ്പോക്പിയില്‍ ഇന്ന് പുലർച്ചെ 1.15ന് ആണ് സംഭവം. ഇംഫാലിനെയും നാഗലാന്‍റിലെ ദിമാപൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗമാണ് തകർന്നത്.

സ്‌ഫോടനത്തിൽ ആളപായോ പരിക്കോ ഇല്ല. ഇംഫാലിനെ ദിമാപൂരുമായി ബന്ധിപ്പിക്കുന്ന ദേശീയപാത-2 വഴിയുള്ള ഗതാഗതത്തെ ബാധിച്ചു. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ സേന പ്രദേശം വളയുകയും സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തു.

വോട്ടിം​ഗ് ദിനത്തിൽ സംഘർഷവും വെടിവയ്പ്പും; മണിപ്പൂരിൽ 11 ബൂത്തുകളിൽ റീപോളിം​ഗ് പ്രഖ്യാപിച്ചു

ഏപ്രിൽ 19ന് സംസ്ഥാനത്ത് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ അക്രമമുണ്ടായി. വെടിവെപ്പ്, വോട്ടിംഗ് മെഷീൻ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുണ്ടായി. മണ്ഡലത്തിലെ 11 പോളിംഗ് സ്‌റ്റേഷനുകളിൽ ഏപ്രിൽ 22-ന് വീണ്ടും വോട്ടെടുപ്പ് നടന്നു. മണിപ്പൂരിലെ ജോയിൻ്റ് ചീഫ് ഇലക്ടറൽ ഓഫീസർ രാമാനന്ദ നോങ്‌മൈകപം ബൂത്ത് പിടിച്ചെടുക്കലും ഇവിഎം നശിപ്പിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് റീപോളിംഗ് നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!