
ഹരിദ്വാർ: പ്രണയിച്ച് വിവാഹം ചെയ്ത സഹോദരിയെ ചുറ്റിക കൊണ്ട് തലക്കടിച്ചും കൊടാലി കൊണ്ട് വെട്ടിയും കൊലപ്പെടുപ്പെടുത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക വധശിക്ഷ (Death penalty). ഹരിദ്വാറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 2018 മെയ് 18നാണ് കേസിനാസ്പദമായ സംഭവം. സഹോദരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രീതി സിങ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ധരംപുർ സ്വദേശിയായ ഓംപ്രകാശ് എന്ന യുവാവിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രീതി വിവാഹം ചെയ്തിരുന്നു. പിന്നീട് ഭർത്താവിനൊപ്പമായിരുന്നു താമസം. എന്നാൽ 2018 മെയ് 18 ന് പ്രശ്നപരിഹാരത്തിനായി യുവതിയെ വീട്ടുകാർ വിളിച്ചുവരുത്തി. ഒരുരാത്രി സൽക്കരിച്ചതിന് ശേഷം പിറ്റേന്ന് വഴക്കുണ്ടാകുകയും സഹോദരങ്ങളായ കുൽദീപ് സിംഗ്, അരുൺ സിംഗ് എന്നിവർ യുവതിയെ കോടാലികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഖാൻപൂരിലെ അബ്ദിപൂർ ഗ്രാമത്തിലുള്ള മാതൃസഹോദരൻ സന്തർപാലിന്റെ വീട്ടിലെത്തിച്ചായിരുന്നു ആക്രമണം.
പ്രീതി എത്തിയ ഉടൻ കുൽദീപും അരുണും ബന്ധുവായ രാഹുലും യുവതിയെ ആക്രമിക്കുകയായിരുന്നു. കോടാലി, ചുറ്റിക എന്നിവ കൊണ്ടായിരുന്നു ആക്രമണം. പിന്നീട് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ ഖാൻപൂർ പൊലീസ് കുൽദീപ്, അരുൺ, രാഹുൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഭർത്താവ് ഓംപ്രകാശിനെയും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. ഇരുവരെയും ഒരുമിച്ചായിരുന്നു ക്ഷണിച്ചത്. എന്നാൽ ഓംപ്രകാശ് ജോലിത്തിരക്കായതിനാൽ എത്താനായില്ല. പ്രീതിയെ ആക്രമിക്കുമ്പോഴും പ്രതികൾ ഓംപ്രകാശിനെ ക്ഷണിച്ചു. ഫോണിലൂടെ പ്രീതിയുടെ കരച്ചിൽ കേട്ടതിനാൽ ഓംപ്രകാശ് അപകടം മണത്തു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam