ആന്ധ്രയ്ക്ക് ഇനി മൂന്ന് തലസ്ഥാനങ്ങൾ; ബില്ല് നിയമസഭ പാസാക്കി; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ടിഡിപി

By Web TeamFirst Published Jan 21, 2020, 6:55 AM IST
Highlights

ഒരു തലസ്ഥാനത്തിനു വേണ്ടി കോടികൾ മുടക്കാനാവില്ലെന്നും എല്ലാ മേഖലയുടെയും വികസനമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു.

അമരാവതി: ആന്ധ്രപ്രദേശിന്‌ മൂന്ന് തലസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കി. ടിഡിപി അംഗങ്ങൾ ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദവോട്ടോടെയാണ് ബില്ല് പാസായത്. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് ഇനി ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനങ്ങളാവുക. ഇനി നിയമനിര്‍മാണസഭ അമരാവതിയിലും സെക്രട്ടേറിയറ്റ് വിശാഖപ്പടണത്തും ഹൈക്കോടതി കര്‍ണൂലിലും ആയിരിക്കും. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കി

ഒരു തലസ്ഥാനത്തിനു വേണ്ടി കോടികൾ മുടക്കാനാവില്ലെന്നും എല്ലാ മേഖലയുടെയും വികസനമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു. അമരാവതിയെ ചന്ദ്രബാബു നായിഡു റിയൽ എസ്റ്റേറ്റ് സംരംഭം ആക്കിയെന്നും ജഗൻ കുറ്റപ്പെടുത്തി. സഭയിൽ ബഹളമുണ്ടാക്കിയ 17 ടിഡിപി എംഎൽഎമാരെ സ്പീക്കർ പുറത്താക്കി. തുടർന്ന് സഭാ കവാടത്തിൽ പ്രതിഷേധിച്ച ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. ഇന്ന്‌ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ടിഡിപി ആഹ്വാനം ചെയ്തിട്ടുണ്ട്. 

അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്‍ഡു തലസ്ഥാനനഗരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. നിലവില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളടക്കം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.  കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു.

click me!