
ചെന്നൈ: ചെന്നൈയിൽ ചികിത്സ കിട്ടാതെ മൂന്ന് കൊവിഡ് രോഗികള്‍ കൂടി ആംബുലന്‍സില്‍ കിടന്ന് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മണിക്കൂറുകളോളമാണ് മൂന്നുപേരും ചികിത്സയ്ക്കായി ആശുപത്രി മുറ്റത്ത് കാത്തുകിടന്നത്. ഇതോടെ ഇന്നുമാത്രം ചെന്നൈയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഒന്‍പതായി. സമീപ ജില്ലകളിൽ നിന്നും കൊവിഡ് ബാധിതരെ ചെന്നൈയിലേക്ക് അയച്ചതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സമീപജില്ലകളിൽ നിന്നുമെത്തി ഇവിടെ ചികിത്സ കാത്ത് ആംബുലൻസിൽ കിടക്കുന്നത് നിരവധി പേരാണ്.
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ക്ഷാമമാണ്. എംബിബിഎസ് വിദ്യാര്‍ത്ഥികളോട് അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനത്തിന് എത്തണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 25 ലക്ഷം വീതം ധനസഹായ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്ക് 30000 വും നഴ്സുമാര്‍ക്ക് 20000 രൂപയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15000 രൂപയും അധിക വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ മരണനിരക്ക് കൂടുന്നതാണ് ആശങ്ക. മദ്രാസ് ഐഐടി, യൂണിവേഴ്സിറ്റി ഹോസ്റ്റലുകള്‍ ഏറ്റെടുത്ത് താല്‍കാലിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനാണ് ശ്രമം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam