
ദില്ലി: നാളെ മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചു. നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു.
ബാങ്ക് ജീവനക്കാർ മുന്നോട്ടുവച്ച അഞ്ച് ദിന പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും എന്നാണ് അറിയിപ്പ്. ബാക്കി ആവശ്യങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. സമരം പിൻവലിച്ചതോടെ തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam