
ന്യൂഡല്‍ഹി: അര്‍ദ്ധരാത്രി റോഡരികില്‍ യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായവരില്‍ മൂന്ന് പേരും 18 വയസ് തികയാത്ത കുട്ടികളാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കൊലപാതക സമയത്ത് യാദൃശ്ചികമായി സ്ഥലത്തെത്തിയ പട്രോളിങ് സംഘത്തിലെ പൊലീസുകാര്‍ മൂന്ന് പേരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഡല്‍ഹി ഗൗതംപുരി സ്വദേശിയായ ഗൗരവ് എന്നയാളെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ഓടെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. ഗൗരവിന്റെ ശരീരത്തില്‍ 25 തവണ കുത്തേറ്റതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദേവ് പറഞ്ഞു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചു.
സംഭവസമയത്ത് സ്ഥലത്തെത്തിയ പൊലീസ് പട്രോളിങ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ കൊലയാളികള്‍ രക്ഷപ്പെടുന്നത് കണ്ട് ഇവരെ പിന്തുടരുകയായിരുന്നു. മൂന്ന് പേരെ പൊലീസുകാര്‍ പിടികൂടി. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്തു.
രണ്ട് ഹെഡ്കോണ്‍സ്റ്റബിൾമാര്‍ അടങ്ങുന്ന പൊലീസ് പട്രോളിങ് സംഘമാണ് കൊലയാളികള്‍ രക്ഷപ്പെടുന്നത് കണ്ടത്. ഇവര്‍ പ്രതികളെ പിന്തുടര്‍ന്നതിനൊപ്പം മറ്റൊരു സംഘം പൊലീസുകാര്‍ എതിര്‍ ദിശയില്‍ നിന്ന് ഇവരെ തടയുകയും ചെയ്തു. അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ട് പേരും 18 വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് കൂടി വിവരം ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതിലും ഒരാള്‍ 18 വയസിന് താഴെ പ്രായമുള്ളയാളാണ്.
തകര്‍ക്കത്തിനൊടുവില്‍ അഞ്ചംഗ സംഘം ഗൗരവിനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൃത്യം നടത്തിയത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എയിംസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam