
കോയമ്പത്തൂർ: കോളേജിൽ നിന്ന് സഹപാഠികൾക്കൊപ്പം യാത്ര പോയ വിദ്യാർത്ഥികൾ നദിയിൽ മുങ്ങി മരിച്ചു. പൊള്ളാച്ചിയിലാണ് ദാരുണമായ അപകടമുണ്ടായത്.ചെന്നൈയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഒരു പരിപാടിയിൽ പങ്കെടുക്കാനായി കോയമ്പത്തൂരിൽ എത്തിയതായിരുന്നു. ആളിയാറിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ചെന്നൈ സവീത കോളേജ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർത്ഥികളാണ് മരിച്ചത്. 14 പെൺകുട്ടികൾ ഉൾപ്പെടെ 28 വിദ്യാർത്ഥികളുടെ സംഘം ഒരു അധ്യാപകനൊപ്പം വ്യാഴാഴ്ചയാണ് മടുക്കരൈക്ക് സമീപമുള്ള തിരുമാല്യംപാളയത്തുള്ള ഒരു സ്വകാര്യ കോളേജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ എത്തിയ സംഘം രാത്രി കോളേജ് കാമ്പസിൽ താമസിച്ച ശേഷം പിറ്റേ ദിവസം പുലർച്ചെ ആറ് മണിയോടെ ആളിയാറിലേക്ക് പോവുകയായിരുന്നു.
രണ്ട് വാനുകളിലായാണ് വിദ്യാർത്ഥികൾ പൊള്ളാച്ചിക്ക് സമീപമെത്തിയത്. കുട്ടികളിൽ ചിലർ നദിയിൽ കുളിക്കാനിറങ്ങി. ഇവിടെ വെള്ളത്തിൽ ഇറങ്ങരുതെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ആഴമുള്ള സ്ഥലമാണെന്ന് പറഞ്ഞെങ്കിലും അത് സംഘം അവഗണിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് പേരാണ് നദിയിൽ മുങ്ങിപ്പോയത്. നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം