
ത്രിപുരയില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകദേശം പൂര്‍ത്തിയാതോടെ മത്സരം ചിത്രം തെളിഞ്ഞു. സഖ്യകക്ഷിയായ ഐപിഎഫ്ടിയെ അവസാന നിമിഷം പിടിച്ച് നിര്‍ത്താനായത് ബിജെപിക്ക് നേട്ടമായി. നാല് സീറ്റുകളില്‍ സൗഹൃദമത്സരമുണ്ടെങ്കിലും ധാരണ ഉലയില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍.നാമനിര്‍ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ കഴിയാനിരിക്കെ പ്രമുഖ പാര്‍ട്ടികളെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിജെപിക്ക് ഒരു സീറ്റില്‍ കൂടി മാത്രമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ളു.
സഖ്യകക്ഷിയായ ഗ്രോത വിഭാഗത്തില്‍ നിന്നുള്ള ഐപിഎഫ്ടി തിപ്ര മോതയില്‍ ലയിക്കാനുള്ള ശ്രമം പരാജയപ്പെടുത്താനായത് ബിജെപിക്ക് നേട്ടമായി. അഞ്ച് സീറ്റുകളാണ് എൻഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ഐപിഎഫ്ടിക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐപിഎഫ്ടി നേരിടുന്ന തകർച്ച ഗോത്ര മേഖലയില്‍ ബിജെപിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്നത് കണ്ടറിയയണം. മുഖ്യമന്ത്രി മണിക സാഹ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് എന്നിവർ മത്സരരംഗത്തുള്ളത് ഊർജ്ജമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍.
അറുപതംഗ നിയമസഭയിലെ 47 സീറ്റുകളില്‍ ഇടത് പാര്‍ട്ടികളും പതിനേഴ് ഇടത്ത് കോണ്‍ഗ്രസും സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുണ്ട് . 56 സീറ്റുകളില്‍ ധാരണയോടെ മത്സരിക്കുമ്പോള്‍ നാല് സീറ്റുകളില്‍ സൗഹൃദമത്സരമാണ്. ഭരണവിരുദ്ധവികാരവും സംസ്ഥാനത്തെ അക്രമപ്രശ്നങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളും. സംസ്ഥാനത്തെ നിർണായക ശക്തിയായി മാറിയ പ്രത്യുദ് ദേബ്‍ബർമെന്‍റെ തിപ്ര മോത പാര്‍ട്ടി ഗോത്രവിഭാഗങ്ങള്‍ക്ക് മുന്‍തൂക്കുമുള്ള ഇരുപത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുപ്പത്തിയഞ്ച് നാല്‍പ്പതോ സീറ്റുകളില്‍ മത്സരിക്കാനാണ് തിപ്രമോതയുടെ നീക്കം . സിപിഎം കോണ്‍ഗ്രസ് പാർട്ടികള്‍ക്ക് ശക്തിയുള്ള സീറ്റുകളില്‍ തിപ്രമോത മത്സരിച്ചേക്കില്ലെന്ന് നേരത്തെ പ്രത്യുദ് ദേബ് ബർമെൻ സൂചിപ്പിച്ചിരുന്നു. ഗ്രേറ്റർ തിപ്രലാന്‍റെന്ന പ്രത്യക സംസ്ഥാന പദവിക്കായി വാദിക്കുന്ന തിപ്രമോതയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയും കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam