കടുവകള്‍ തമ്മിലെ പോര്; രാജസ്ഥാനില്‍ പെണ്‍കടുവയ്ക്ക് ഗുരുതര പരിക്ക്, നാക്കില്‍ 14 തുന്നലുകള്‍

By Web TeamFirst Published Jan 29, 2021, 12:53 PM IST
Highlights

 രണ്ടര വയസ് പ്രായമുള്ള പെണ്‍കടുവയുടെ തോളിലും നാക്കിനും ഗുരുതര പരിക്കാണേറ്റിട്ടുള്ളത്. 14 തുന്നലുകളാണ് കടുവയുടെ നാക്കില്‍ വേണ്ടി വന്നതെന്നാണ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍

ജയ്പൂര്‍ : പ്രാദേശികമായ പോരാട്ടത്തിനിടയില്‍ പെണ്‍ കടുവയ്ക്കേറ്റത് വലിയ പരിക്ക്. റണതംപോറിലെ ദേശീയ പാര്‍ക്കിലെ റിദ്ദി എന്ന പെണ്‍കടുവയ്ക്കാണ് ഗുരുതര പരിക്കേറ്റത്. റിദ്ദിയുടെ സഹോദരിയായ സിദ്ദിയുമായുള്ള പോരാട്ടത്തിലാണ് പെണ്‍കടുവയ്ക്ക് പരിക്കേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ചാണ് പരിക്കേറ്റ കടുവയെ നിയന്ത്രണത്തിലാക്കിയത്. രണ്ടര വയസ് പ്രായമുള്ള പെണ്‍കടുവയുടെ തോളിലും നാക്കിനും ഗുരുതര പരിക്കാണേറ്റിട്ടുള്ളത്.

14 തുന്നലുകളാണ് കടുവയുടെ നാക്കില്‍ വേണ്ടി വന്നതെന്നാണ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കിയത്. തോളിലെ പരിക്കില്‍ പുഴുവരിച്ച നിലയിലാണുള്ളത്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം കടുവയെ വനത്തില്‍ തുറന്നുവിട്ടുവെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. കടുവയുടെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വിശദമാക്കി. രാജസ്ഥാനിലെ റണതംപോറിലെ ദേശീയ ഉദ്യാനത്തിലെ അന്തേവാസികളാണ് ഇരു കടുവകളും.

സോണ്‍ 3ഉം സോണ്‍ 4ഉം ആണ് ഇവയുടെ വിഹാരകേന്ദ്രം. കഴിഞ്ഞ മൂന്ന് മാസത്തോളമായി മറ്റ് സോണുകളിലേക്ക് കടക്കാനുള്ള ശ്രമം ഇവയ്ക്കിടയില്‍ പോരിന് കാരണമായെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. കടുവകള്‍ തമ്മില്‍ ഇതിനോടകം അഞ്ച് തവണയോളം ഏറ്റുമുട്ടുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ചയുണ്ടായ പോരിലാണ് റിദ്ദിക്ക് സാരമായ പരിക്കേറ്റത്. ഇതോടെ സിദ്ദിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയ ഉദ്യാനത്തിന്‍റെ മറ്റ് മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. 

click me!