
വിശാഖപട്ടണം: തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ നടന്ന ഭണ്ഡാര കവർച്ചയിൽ നിലപാട് കടുപ്പിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി. കാണിക്കയായി ലഭിച്ച പണത്തിൽ നിന്ന് 100 കോടി രൂപ ജീവനക്കാരൻ കടത്തിയ കേസ് ഒത്തുതീർപ്പാക്കിയ സംഭവത്തിൽ തിരുപ്പതി തിരുമല ദേവസ്ഥാനം ഓഫീസറോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
കാണിക്ക വരുമാനത്തിൽ നിന്ന് കവർന്ന പണവുമായി രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രത്തിലെ ജീവനക്കാരൻ കയ്യോടെ പിടിക്കപ്പെട്ടത് 2023 ഏപ്രിൽ മാസത്തിലാണ്. 20 കൊല്ലമായി തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ ക്ലർക്കായിരുന്ന രവികുമാറാണ് വിശ്വാസ്യത മുതലാക്കി ആസൂത്രിതമായി പണം കവർന്നത്. 100 കോടി രൂപ കവർന്നെന്ന് പിടിക്കപ്പെട്ടതിന് പിന്നാലെ രവികുമാർ വെളിപ്പെടുത്തിയപ്പോൾ എല്ലാവരും ഞെട്ടി. ആ ആഘാതം മാറും മുൻപ്, 140 കോടി രൂപ മതിപ്പുവില വരുന്ന ഭൂമി ദേവസ്ഥാനത്തിന് കൈമാറി രവികുമാർ വീണ്ടും ഞെട്ടിച്ചു. ദേവസ്ഥാനമാകട്ടെ ഇതോടെ കേസും അവസാനിപ്പിച്ചു.
എന്നാൽ കൊള്ളയടിച്ച മുതൽ കൊണ്ട് വർഷങ്ങൾക്ക് മുൻപ് 14 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മാത്രമാണ് കൈമാറിയതെന്ന കാര്യം ടിടിഡി അധികൃതർ സൗകര്യപൂർവം മറന്നു. ബാക്കി തുക എവിടെ, അതുകൊണ്ട് എന്തുചെയ്തു എന്നീ ചോദ്യങ്ങളും. കുറ്റം ഏറ്റുപറഞ്ഞ രവികുമാറിനാകട്ടെ ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടിയും വന്നില്ല. ദേവസ്ഥാനം വിസ്മരിച്ച ഈ കാര്യങ്ങൾ ഹർജിയിലൂടെ ഹൈക്കോടതിയിൽ എത്തിച്ചപ്പോഴാണ് കള്ളക്കളികൾ പൊളിഞ്ഞത്. കേസ് അവസാനിപ്പിച്ച നടപടി കോടതി റദ്ദാക്കി. ആന്ധ്രാ പൊലീസിന്റെ സിഐഡി വിഭാഗത്തിന് അന്വേഷണ ചുമതലയും നൽകി.
എന്നാൽ സത്യവാങ്മൂലം ആവശ്യപ്പെട്ട കോടതിക്ക് മുന്നിൽ വീണ്ടും ഉരുണ്ടുകളിക്കുകയായിരുന്നു ദേവസ്ഥാനം. പണം എപ്പോൾ കവർന്നു, എങ്ങനെ കവർന്നു എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല. ഇതോടെയാണ് ഹൈക്കോടതി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27ന് നേരിട്ട് ഹാജരാകാൻ തിരുമല തിരുപ്പതി ദേവസ്ഥാനം പ്രസിഡന്‍റിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.