ലോക്ക്ഡൌണ്‍: 1300 തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ച് തിരുപ്പതി ക്ഷേത്രം

By Web TeamFirst Published May 2, 2020, 5:59 PM IST
Highlights

ഏപ്രില്‍ 30 ന് അവസാനിക്കുന്ന കരാര്‍ പുതുക്കാതെ അവസാനിപ്പിക്കുകയായിരുന്നു. മെയ് ഒന്ന് മുതല്‍ ഇവരോട് ജോലിക്ക് എത്തേണ്ടെന്ന് അറിയിക്കുകയായിരുന്നു

ഹൈദരബാദ്: രാജ്യത്തെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ 1300 തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ചു. ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് ഒന്ന് മുതല്‍ ഇവരോട് ജോലിക്ക് എത്തേണ്ടെന്ന് അറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

ഏപ്രില്‍ 30 ന് അവസാനിക്കുന്ന കരാര്‍ പുതുക്കാതെ അവസാനിപ്പിക്കുകയായിരുന്നു. കരാര്‍ തൊഴിലാളികളെ എത്തിച്ചിരുന്ന സ്ഥാപനത്തിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചത്. ലോക്ക്ഡൌണ്‍ ആരംഭിച്ചതിന് പിന്നാലെ സ്ഥിരം തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നില്ല. ഇവരുടെ സേവനങ്ങൾ നിർത്തലാക്കിയതായി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി മുംബൈ മിററിനോട് വ്യക്തമാക്കി. ജോലി നഷ്ടമായ കരാര്‍ തൊഴിലാളികളെ സഹായിക്കാനുള്ള വഴികള്‍ കണ്ടെത്തുമെന്നാണ് സുബ്ബ റെഡ്ഡി വിശദമാക്കുന്നത്.

ഈ വര്‍ഷത്തേക്ക് 3309 കോടി രൂപയുടെ ബഡ്ജറ്റാണ് തിരുമല തിരുപ്പതി ദേവസ്ഥാനം അവതരിപ്പിച്ചത്. എന്നാല്‍ ബഡ്ജറ്റിലെ നിര്‍ദേശങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനത്തിലെത്തുക. കൊവിഡ് 19 വ്യാപനത്തിനിടെയും ക്ഷേത്രത്തിലെ ശുചീകരണ പ്രവൃത്തികളിലേര്‍പ്പെട്ടവരെ പെട്ടന്ന ജോലിയില്‍ നിന്ന് മാറ്റിയതിനെതിരെ ട്രേഡ് യൂണിയനുകളില്‍ നിന്ന് പ്രതിഷേധം നേരിടുന്നുണ്ട്. മാര്‍ച്ച് 20നാണ് ക്ഷേത്രം കൊവിഡ് 19 വ്യാപനം തടയാനായി അടച്ചത്. എന്നാല്‍ നിത്യ പൂജകള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. 

click me!