
ദില്ലി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിലേക്കുള്ള രാജ്യസഭാംഗത്തിനായി നടത്തിയ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ തൃണമൂൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രദീപ് ഭട്ടാചാര്യ രണ്ടാമതും സിപിഎം സ്ഥാനാർത്ഥി എളമരം കരീം മൂന്നാമതുമെത്തി.
ഇഎസ്ഐസിയുടെ ഭരണ സമിതിയിലേക്ക് പതിവായി ഒരു രാജ്യസഭാംഗത്തെ തെരഞ്ഞെടുക്കാറുണ്ട്. സംസ്ഥാനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾക്ക് പുറമെയാണിത്.
തൃണമൂൽ കോൺഗ്രസിന്റെ ദേബബ്രത ബന്ദ്യോപാദ്ധ്യായ വിരമിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രാജ്യസഭയിൽ 78 അംഗങ്ങളുള്ള ബിജെപി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചില്ല. പകരം തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകി.
തെരഞ്ഞെടുപ്പിൽ ആകെ 156 വോട്ടാണ് പോൾ ചെയ്തത്. തൃണമൂൽ എംപി ദോല സെൻ 90 വോട്ട് നേടി ഒന്നാമതെത്തി. 48 രാജ്യസഭാംഗങ്ങളുള്ള കോൺഗ്രസിന് 46 വോട്ടാണ് ആകെ ലഭിച്ചത്. സിപിഎം സ്ഥാനാർത്ഥി എളമരം കരീം എട്ട് വോട്ട് നേടി.
ബിജെപിക്ക് പുറമെ അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നീ പാർട്ടികളും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെയാണ് പിന്തുണച്ചത്. ഈ സീറ്റ് തങ്ങൾക്ക് വേണമെന്ന് ഒരിക്കലും തൃണമൂൽ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam