
ചെന്നൈ: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് പുരസ്കാരം നൽകി തമിഴ്നാട് സർക്കാർ. സാമുദായിക സൗഹാർദത്തിനുള്ള 'കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് നൽകിയാണ് സുബൈറിനെ തമിഴ്‌നാട് സർക്കാർ ആദരിച്ചത്. ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണത്തെ വസ്തുതകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്ത് പൊളിച്ചതിനാണ് പുരസ്കാരം.
മറീന ബീച്ചിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് മെഡലും പ്രശസ്തിപത്രവും 25,000 രൂപയും സുബൈറിന് സമ്മാനിച്ചത്. ഗവർണർ സിടി രവിയെ സാക്ഷിയാക്കിയായിരുന്നു പുരസ്കാര ദാനം. സാമുദായിക സൗഹാർദം നിലനിറുത്താൻ അദ്ദേഹം നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സർക്കാർ അറിയിച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണം ഏറെ വിവാദമായിരുന്നു. വീഡിയോ സഹിതമായിരുന്നു സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണം.
Read More... മിടുക്കി തന്നെ, മിടുമിടുക്കി; ഗതാഗതക്കുരുക്കൊഴിവാക്കാൻ മെട്രോ പിടിച്ച് വധു, വീഡിയോ വൈറൽ
പരിഭ്രാന്തരായ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ തടിച്ചുകൂടി. പ്രചരിക്കുന്നത് കിംവദന്തികളാണെന്ന് ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ ഹിന്ദിയിൽ കാമ്പയിൻ വരെ നടത്തി. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ യഥാർഥത്തിൽ തമിഴ്‌നാട്ടിൽ നടന്നതല്ലെന്ന് ആൾട്ട് ന്യൂസ് പ്രസിദ്ധീകരിച്ചു. ആൾട്ട് ന്യൂസിൽ സുബൈർ ചെയ്ത ഫാക്ട് ചെക്ക് വാർത്ത തമിഴ്‌നാട്ടിൽ അക്രമങ്ങൾ തടയാൻ കാരണമായെന്നും സർക്കാർ വിലയിരുത്തി. തമിഴ്‌നാട് സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സുബൈർ പറഞ്ഞു. അതേസമയം, സുബൈറിന് അവാർഡ് നൽകിയതിനെതിരെ ബിജെപി രംഗത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam