
ഹൈദരാബാദ്: ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ ഇപ്പോൾ ലോക്ക്ഡൌണാണ് (Lockdown). എന്നാൽ ഇത് കൊവിഡിനെ (Covid) ഭയന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൌണല്ല. ഗ്രാമവാസികൾ തന്നെ തീരുമാനിച്ചെടുത്തതാണ്. എന്തിനെന്നല്ല, പിശാചിനെ ഓടിക്കാൻ. മാംസം കഴിക്കുന്ന പിശാചുക്കളെ (Flush Eating Demon) ഒഴിവാക്കാനാണത്രേ ഈ വിചിത്ര രീതി. ഒരു മാസത്തിനുള്ളിൽ നാല് നിവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതാണ് ഇതിനെല്ലാം കാരണം. മരണത്തിന് പിന്നിൽ പിശാചെന്നാരോപിച്ചാണ് ഗ്രാമവാസികൾ ഇത്തരമൊരു ലോക്ക്ഡൌൺ തെരഞ്ഞെടുത്തിരിക്കുന്നത്. വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ വേലി കെട്ടി. ജീവനക്കാരെയും മെഡിക്കൽ സ്റ്റാഫിനെയും അധ്യാപകരെയും അനുവദിക്കാത്തതിനാൽ സ്‌കൂളും അങ്കണവാടികളും പോലും അടഞ്ഞുകിടന്നു. ഒഡീഷയുമായി അതിർത്തി പങ്കിടുന്ന ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോക്ക്ഡൗൺ ദുരാത്മാക്കൾക്കെതിരെ പ്രവർത്തിക്കുമെന്നാണ് ഇപ്പോൾ ഇവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമത്തിലെ ചിലർക്ക് പനി പിടിപെടുകയും നാല് പേർ മരിക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന ദുഷ്ടാത്മാക്കൾ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ഒഡീഷയിലെയും അയൽഗ്രാമങ്ങളിലെയും പുരോഹിതരുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം. വൈദികരുടെ നിർദ്ദേശപ്രകാരം ഗ്രാമത്തിന്റെ നാല് ദിക്കുകളിലും നാരങ്ങകൾ നട്ടുപിടിപ്പിക്കുകയും ഏപ്രിൽ 17 മുതൽ 25 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയുമായിരുന്നു.
ഗ്രാമത്തിലേക്കുള്ള വഴിയും അടച്ചു. പുറത്തുനിന്നുള്ളവരെ അനുവദിക്കരുതെന്നും ഗ്രാമത്തിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി. സംഭവം ജില്ലയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പലരും സംഭവത്തെ ചോദ്യം ചെയ്തപ്പോൾ മറ്റുള്ളവർ അതിൽ വിശ്വസിച്ചു. അങ്കണവാടിയും സ്‌കൂളും വില്ലേജ് സെക്രട്ടേറിയറ്റും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുൾപ്പെടെയുള്ള പ്രാദേശിക അധികാരികൾ ഗ്രാമം സന്ദർശിച്ചു. ചർച്ചകൾക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam