സിദ്ധരാമയ്യ, ടേം ഉണ്ടോ? റിജിജു! ബില്ലിൽ ഷോക്കടിക്കുമോ? പള്ളിക്ക് പുറത്തൊരു പ്രതിഷേധ മിന്നുകെട്ട്: 10 വാർത്ത

Published : May 18, 2023, 06:40 PM IST
സിദ്ധരാമയ്യ, ടേം ഉണ്ടോ? റിജിജു! ബില്ലിൽ ഷോക്കടിക്കുമോ? പള്ളിക്ക് പുറത്തൊരു പ്രതിഷേധ മിന്നുകെട്ട്: 10 വാർത്ത

Synopsis

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം... ചുവടെ

1 ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം, ഇനി കർണാടകയെ നയിക്കുക സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രിയായി ഡികെ

ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും. മുഖ്യമന്ത്രിസ്ഥാനത്തിന് ടേം ഉണ്ടോ എന്ന കാര്യത്തിൽ പരസ്യ പ്രതികരണത്തിന് നേതാക്കൾ തയ്യാറായിട്ടില്ല.

2 കേന്ദ്ര നിയമമന്ത്രിക്ക് മാറ്റം; കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയം, അർജ്ജുൻ റാം മേഘവാൾ പുതിയ നിയമമന്ത്രി

കിരൺ റിജിജുവിനെ കേന്ദ്രനിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് കിരൺ റിജിജുവിനെ മാറ്റിയത്. സഹമന്ത്രി അർജുൻ റാം മേഘ്വാളിന് നിയമമന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല നല്‍കി. ജുഡീഷ്യറിയുമായുള്ള നിരന്തര ഏറ്റുമുട്ടലിലുള്ള അതൃപ്തിയാണ് റിജിജുവിനെ മാറ്റാനുള്ള കാരണമെന്നാണ് സൂചന. രവിശങ്കർ പ്രസാദിനെ ഒഴിവാക്കിയപ്പോഴാണ് രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂലൈയിൽ കിരൺ റിജിജുവിന് കേന്ദ്ര നിയമമന്ത്രി സ്ഥാനം നല്‍കിയത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്ര നിയമ സഹമന്ത്രി എസ് പി സിംഗ് ബാദേലിനും വകുപ്പ് മാറ്റമുണ്ട്. ഇദ്ദേഹത്തെ നിയമ സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ആരോഗ്യ സഹമന്ത്രിയാക്കിയിട്ടുണ്ട്.

3 'ബനിയനിട്ടത് രക്ഷയായി, പൊട്ടിത്തെറിച്ചത് 1000 രൂപക്ക് വാങ്ങിയ മൊബൈൽ'; ഞെട്ടൽ മാറാതെ വയോധികൻ

തൃശൂർ മരോട്ടിച്ചാലിൽ ചായക്കടയിൽ വെച്ച് 76 കാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഐ ടെൽ എന്ന കമ്പനിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബനിയൻ ധരിച്ചിരുന്നത് കൊണ്ടാണ് അപകടത്തിൽ 76 കാരന് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വലിയ അപകടത്തിൽ നിന്നാണ് രക്ഷപെട്ടതെന്ന് 76 കാരനായ ഏലിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് തീപടരുന്ന കണ്ട് വേഗത്തിൽ തല്ലിക്കെടുത്തിയെന്നാണ് ഏലിയാസ് പറഞ്ഞത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊല്ലം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണെന്നും ഐ ടെൽ എന്നാണ് കമ്പനിയുടെ പേരെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് വ്യക്തമാക്കി. 

4 കെഎസ്ഇബി നഷ്ടത്തില്‍,വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം, ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്ന് മന്ത്രി

കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. ഇതാണ് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂടിയേക്കുമെന്നാണ് സൂചന. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.

5 കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആന്തമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് (മെയ്‌ 18) ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

6 ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; മൂന്നാം ഘട്ട പരിപാലനത്തിന് 3.84 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തൽ കുളം നവീകരണത്തിന് അനുവദിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18, 06, 789 രൂപയായി. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാ‌ര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്.

7 കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തിൽ സിപിഎം നടപടി, വിശാഖിനെ ലോക്കൽ കമ്മറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥിയായ എസ് എഫ് ഐ നേതാവ് വിശാഖിനെ ആള്‍മാറാട്ടം നടത്തി കേരള യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കാനുള്ള  നീക്കം വിവാദമായതോടെ സിപിഎമ്മിലും സംഘടനാ നടപടി. വിശാഖിനെ സി പി എം ലോക്കൽ കമ്മറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്ലാവൂർ ലോക്കൽ കമ്മറ്റി അംഗമായിരുന്നു വിശാഖ്. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശപ്രകാരമാണ് നടപടി. എസ് എഫ് ഐയുടെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നും വിശാഖിനെ ഇന്നലെ ഒഴിവാക്കിയിരുന്നു.

8 ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച സംഭവം; കാർ ഉടമയ്ക്കെതിരെ കർശന നടപടി, ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യും

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഇയാൾക്ക് മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി. വകതിരിവില്ലാത്ത ഡ്രൈവിംഗ് നടത്തിയതിനാണ് നടപടി. ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലൻസിന് തടസ്സം സൃഷ്ടിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി തരുൺ കാറോടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം. പലതവണ ആംബുലൻസ് ഹോൺ മുഴക്കിയിട്ടും വഴി നൽകിയിരുന്നില്ല.

9 കേരള സ്റ്റോറി നിരോധനം: പശ്ചിമബംഗാൾ സർക്കാർ തീരുമാനത്തിന് സുപ്രീം കോടതി സ്റ്റേ, സിനിമ കാണാമെന്ന് ജഡ്ജിമാർ

ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ തീരുമാനത്തിന് സ്റ്റേ. പൊതുവികാര പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മൗലികാവകാശത്തെ നിർണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സിനിമ ഇഷ്ടമല്ലെങ്കിൽ സിനിമ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിനിമയുടെ പൊതു പ്രദർശനത്തെയാണ് നിരോധിച്ചതെന്നും ഒ ടി ടിയിൽ കാണുന്നതിൽ പ്രശ്നമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. എന്നാൽ അധികാരം മിതമായി പ്രയോഗിക്കണമെന്നായിരുന്നു പശ്ചിമ ബംഗാൾ സർക്കാരിനോട് കോടതിയുടെ മറുപടി. 32000 പേർ കാണാതായെന്ന് സിനിമയിൽ പറയുന്നു. ഇത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ് എന്ന് നിർമ്മാതാക്കളുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്രയും പേരെ മതം മാറ്റിയെന്നതിന് കൃത്യമായ രേഖകൾ ഇല്ലെന്ന് നിർമ്മാതാക്കളുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇക്കാര്യം സിനിമയ്ക്ക് മുൻപ് സ്ക്രീനിൽ പ്രദർശിപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

10 ക്നാനായ സഭാ വിവാഹത്തിലെ തർക്കം തുടരുന്നു; ഇതര സഭാ വിവാഹത്തിന് അനുമതി നിഷേധിച്ചു, പള്ളിക്ക് പുറത്തൊരു മിന്നുകെട്ട്

കോടതി വിധിക്ക് ശേഷവും ക്നാനായ സഭാ വിവാഹ ആചാര തര്‍ക്കം തുടരുന്നു. കാസര്‍കോട് കൊട്ടോടിയില്‍ കോടതി വിധിക്ക് ശേഷവും ഇതര സഭാ വിവാഹത്തിന് അനുമതി നിഷേധിച്ചതോടെ തർക്കം മൂത്തു. നിശ്ചയിച്ച വിവാഹത്തിന് അനുമതി നിഷേധിച്ചതോടെ വരനും വധുവും പള്ളിക്ക് പുറത്ത് വച്ച് പ്രതീകാത്മകമായി മാലയിട്ടു. ക്നാനായ സഭാ അംഗം ജസ്റ്റിന്‍ ജോണും സീറോ മലബാര്‍ സഭയിലെ വിജിമോളും തമ്മിലുള്ള വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതോടെ പള്ളിയില്‍ വച്ച് ഇവരുടെ ഒത്തുകല്യാണം നടന്നു. എന്നാല്‍ ഇന്നത്തെ കല്യാണത്തിന് പള്ളിയില്‍ നിന്ന് നല്‍കേണ്ട അനുമതി കുറി നല്‍കാന്‍ വികാരി തയ്യാറായില്ല. ഇതോടെ കല്യാണം മുടങ്ങി, പ്രതിഷേധമായി. ഒടുവില്‍ വധുവിന്‍റെ പള്ളി മുറ്റത്തെത്തി പരസ്പരം മാല ചാര്‍ത്തി ജസ്റ്റിനും വിജിമോളും വിവാഹ പ്രഖ്യാപനം നടത്തി. നിലവിലെ കോടതി വിധിയില്‍ ആചാരത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശമില്ലെന്നാണ് ക്നാനായ സഭയുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം