
ദില്ലി: ചൈനയിലെ വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് അരുണാചൽ സ്വദേശിയായ യുവതി. 18 മണിക്കൂർ തന്നെ ചൈനയിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചെന്നും ചൈനീസ് പാസ്പോർട്ട് അപേക്ഷിക്കാൻ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. അരുണാചൽ പ്രദേശ് സ്വദേശിയായ യാത്രക്കാരി പേം വാങ് തോങ്‌ഡോകിനാണ് ഷാങ്ഹായ് വിമാനത്താവളത്തിൽ ദുരനുഭവമുണ്ടായത്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്നും അതിനാൽ ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് യുവതി വിശദീകരിച്ചു.
നവംബർ 21ന്, ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് ഷാങ്ഹായി വഴി പോകുമ്പോഴാണ് വേദനിപ്പിക്കുന്ന അനുഭവമുണ്ടായതെന്ന് യുവതി പറഞ്ഞു- "ഞാൻ അവരെ ചോദ്യം ചെയ്തു. പ്രശ്‌നം എന്താണെന്ന് ചോദിച്ചു. അപ്പോൾ അരുണാചൽ ഇന്ത്യയുടെ ഭാഗമല്ല എന്ന് അവർ പറഞ്ഞു. നിങ്ങൾ ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കണം. നിങ്ങൾ ചൈനക്കാരിയാണ്, ഇന്ത്യക്കാരിയല്ല എന്നെല്ലാം പറഞ്ഞ് അവർ പരിഹസിക്കുകയും ചിരിക്കുകയും ചെയ്തു"- വാർത്താ ഏജൻസിയായ പേം വാങ് തോങ്‌ഡോക് എഎൻഐയോട് പറഞ്ഞു.
തന്നെ വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിച്ചില്ലെന്ന് യുവതി പറഞ്ഞു.കുടുംബത്തെ ഫോണിൽ വിളിക്കാൻ പോലും സമ്മതിച്ചില്ല.ചൈന ഈസ്റ്റേണിലെ ജീവനക്കാരും മറ്റ് രണ്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് തന്നെ അവഹേളിച്ചതെന്നും യുവതി പറഞ്ഞു. യുകെയിലെ ഒരു സുഹൃത്ത് വഴി ഷാങ്ഹായിലെയും ബീജിംഗിലെയും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടേണ്ട സാഹചര്യമുണ്ടായെന്നും യുവതി പറഞ്ഞു. അപ്പോഴേക്കും ഇന്ത്യൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തി തനിക്ക് ഭക്ഷണം തന്നെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നും യുവതി പറഞ്ഞു. അപ്പോഴേക്കും 18 മണിക്കൂർ പിന്നിട്ടിരുന്നു.
14 വർഷമായി യുകെയിൽ താമസിക്കുന്ന തോങ്‌ഡോക്ക്, താൻ ഇന്ത്യക്കാരിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലാണ് യുവതിയുടെ കുടുംബം ഇപ്പോഴും താമസിക്കുന്നത്. ഇനി ഇതുപോലൊരു അനുഭവം ആർക്കും ഉണ്ടാവാതിരിക്കാൻ വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി, വിദേശകാര്യ സെക്രട്ടറി എന്നിവർക്ക് യുവതി ഇമെയിൽ അയച്ചു.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഇന്ത്യ ശക്തമായ നയതന്ത്ര നടപടി സ്വീകരിച്ചു. ഇത്തരം കാരണങ്ങളുടെ പേരിൽ ഒരു യാത്രക്കാരിയെ തടഞ്ഞുവെക്കുന്നത് 'അസംബന്ധവും' അസ്വീകാര്യവുമാണ്' എന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനീസ് സർക്കാരിനും ദില്ലിയിലെ ചൈനീസ് എംബസിക്കും ഇന്ത്യ ശക്തമായ നയതന്ത്ര പ്രതിഷേധക്കുറിപ്പും കൈമാറി. ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉടൻ തന്നെ പ്രാദേശിക അധികാരികളുമായി വിഷയം ചർച്ച ചെയ്യുകയും യാത്രക്കാരിക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തു. ട്രാൻസിറ്റ് യാത്രക്കാരെ സംബന്ധിച്ച ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണിതെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യ അറിയിച്ചു.