ടൂൾ കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 23 ന്

By Web TeamFirst Published Feb 20, 2021, 5:46 PM IST
Highlights

ഗൂഢാലോചന നടത്താനാണ് ഉദ്ദേശമെങ്കിൽ സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച്  വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമോ എന്നും ദിഷയുടെ അഭിഭാഷകൻ ചോദിച്ചു

ദില്ലി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ഫെബ്രുവരി 23 ന് കോടതി വിധി പറയും. ദില്ലി കോടതിയിൽ വാദം പൂർത്തിയായി. ജാമ്യഹർജിയിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ ഇന്ന് വാദത്തിൽ ഉയർന്നുവന്നു. രാജ്യദ്രോഹ കുറ്റം ചുമത്തേണ്ട സാഹചര്യമെന്തെന്ന് കോടതി ചോദിച്ചു. പിജെഎഫ് നിരോധിത സംഘടനയല്ലെന്ന് ദിഷയുടെ അഭിഭാഷകൻ വാദിച്ചു.

ദിഷ കർഷക സമരത്തെ അനുകൂലിക്കുക മാത്രമാണ് ചെയ്തത്. ടൂൾ കിറ്റിലെ ഒരു കാര്യവും നിയമ വിരുദ്ധമല്ല. വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ് വലിയ കുറ്റമായി പറയുന്നത്. ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് സ്വന്തം നമ്പറിൽ നിന്നാണ്. ഗൂഢാലോചന നടത്താനാണ് ഉദ്ദേശമെങ്കിൽ സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച്  വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമോ എന്നും ദിഷയുടെ അഭിഭാഷകൻ ചോദിച്ചു. ജാമ്യം നൽകണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദില്ലിയിട്ട് പോകാതിരിക്കാൻ തയ്യാറാണെന്നും ദിഷയുടെ അഭിഭാഷകൻ വ്യക്തമാക്കി.

click me!