
ബെംഗളൂരു: കർണാടക സർക്കാർ അഴിമതിയിൽ കുളിച്ചുനിൽക്കുകയാണെന്ന രൂക്ഷവിമർശനവുമായി മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. ഓരോ പ്രോജക്ടിനും 40% കമ്മീഷൻ ചോദിച്ചുവാങ്ങുന്ന അഴിമതിക്കൂട്ടമായി മന്ത്രിമാർ മാറി. ഗതികെട്ട ജനം ബിജെപിക്കെതിരായി വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബെംഗളുരുവിലെ കുഴികളിലും നിർമാണങ്ങളിലെ അപാകതകളിലും ജനങ്ങൾക്കിടയിലും അമർഷം പ്രകടമാണ്.
ഒരു വർഷമായി ഈ റോഡ് ഇങ്ങനെ കിടക്കുന്നു. വീട്ടിൽ നിറയെ പൊടിയാണ്. വണ്ടികൾ കുഴിയിൽച്ചാടി വേണം പോകാൻ.ഈ വഴി നടക്കാൻ വയ്യ. ഒരറ്റത്ത് പോയി വേണം വെള്ളമെടുക്കാൻ. തിരിച്ച് വരുമ്പോഴൊരിക്കൽ ഞാൻ കല്ലിൽത്തട്ടി വീണു.നാട്ടുകാർ പറയുന്നു. ഈ സർക്കാർ അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. മുഖ്യമന്ത്രി അടക്കം ഈ അഴിമതിയിൽ പങ്കാളികളാണ്. ഒരു പദ്ധതിക്ക് 40% കമ്മീഷനാണ് അവർ എണ്ണിവാങ്ങിക്കുന്നത്. ഗതികെട്ട് അവർ പ്രധാനമന്ത്രിക്ക് കത്ത് വരെ എഴുതിയില്ലേ?മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിക്കുന്നു.
ഇടിഞ്ഞു താഴുന്ന റോഡ്. കുഴികൾ. തലയ്ക്ക് മേൽ എപ്പോൾ വന്ന് വീഴുമെന്നറിയാത്ത മെട്രോ തൂണും ബാരിക്കേഡും. കുഴിയേതാ വഴിയേതാ എന്നറിയാത്ത വിധം ഓടകൾ. ഗതികെട്ടാണ് ജനം ബെംഗളുരുവിലെ റോഡുകളിലൂടെ നടക്കുന്നത്. നേതാക്കൾക്ക് കമ്മീഷൻ കൊടുത്ത് മുടിഞ്ഞെന്നാണ് കോൺട്രാക്ടർമാരുടെ അസോസിയേഷൻ പറയുന്നത്. ഒരു പ്രോജക്ടിന് 40% കമ്മീഷനാണ് ബിജെപി എംഎൽഎമാർ ചോദിച്ചുവാങ്ങുന്നതെന്ന് ആരോപണം. ഇതിന് തെളിവായി അവർ ഓഡിയോയും പുറത്തുവിട്ടു.
ബിബിഎംപി എന്ന ബെംഗളുരു കോർപ്പറേഷനാണ് നഗരത്തിലെ മിക്ക റോഡുകളുടെയും ചുമതല. പക്ഷേ റോഡ് പൊളിഞ്ഞാലും ആരും ചോദിക്കാനില്ല. ജനങ്ങൾ തെരഞ്ഞെടുക്കുന്ന കോർപ്പറേറ്റർമാരുടെ കാലാവധി അവസാനിച്ചിട്ട് മൂന്ന് വർഷമായി. തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എഞ്ചിനീയർമാരും ജനപ്രതിനിധികളും കോഴ വാങ്ങി മിണ്ടാതിരിക്കുന്നു. ഇതിനെതിരെ രൂക്ഷവിമർശനമുയർത്തുകയാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.ബിജെപിക്ക് മുൻതൂക്കമുള്ള നഗരകേന്ദ്രങ്ങളിലാണ് ഈ അപകടങ്ങളെല്ലാം ഉണ്ടായത് എന്നതുകൊണ്ട് തന്നെ ഇവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച് നഗരവോട്ടുകൾ ഒപ്പം നിർത്താനാണ് കോൺഗ്രസ് ശ്രമം.
കോലാറിൽ നിന്ന് മത്സരിക്കാനുള്ള തീരുമാനം തന്‍റേതല്ല.അവിടത്തെ ജനങ്ങളും നേതാക്കളും മത്സരിക്കണമെന്ന് തന്നോടാവശ്യപ്പെട്ടതാണ്.അതനുസരിച്ചുള്ള പ്രഖ്യാപനം മാത്രമാണ് താൻ നടത്തിയത്.ഇനിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam