ബീഹാറിലെ 60 കൊവിഡ് ബാധിതരിൽ 23 പേരും സിവാൻ ജില്ലയിലെ ഒരു കുടുംബത്തിൽ നിന്ന്

By Web TeamFirst Published Apr 10, 2020, 4:59 PM IST
Highlights

ഇയാൾ ജില്ലയിലെ പലയിടങ്ങളിൽ യാത്ര ചെയ്തതായി അധികൃതർ വെളിപ്പെടുത്തി. കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം 22 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 
 

പട്ന: ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട  അറുപത് കൊവിഡ് 19 പോസിറ്റീവ് കേസുകളിൽ 23 എണ്ണവും ഒരു കുടുംബത്തിൽ നിന്ന്. ബീഹാറിലെ സിവാൻ ജില്ലയിലാണ് ഈ കുടുംബം. പാട്നയിൽ നിന്നും 130 കിലോമീറ്റർ ദൂരം സ്ഥിതി ചെയ്യുന്ന സിവാൻ ജില്ല ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം അവസാനം ഒമാനിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ നിന്നാണ് രോ​ഗവ്യാപനം ആരംഭിച്ചത്. മാർച്ച് 16നാണ് ഇയാൾ ഒമാനിൽ നിന്നും സിവാൻ ജില്ലയിലെ പഞ്ച്‍വാറിലെത്തിയത്. ഏപ്രിൽ 4ന് കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചു. അതിന് ശേഷം ഇയാൾ ജില്ലയിലെ പലയിടങ്ങളിൽ യാത്ര ചെയ്തതായി അധികൃതർ വെളിപ്പെടുത്തി. കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം 22 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 

അതേ സമയം രോ​ഗബാധിതരായവർ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലായിരുന്നു എന്നും അധികൃതർ പറയുന്നു. ​ഗ്രാമത്തിലെ മറ്റ് രണ്ട് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിവാൻ ജില്ലയിൽ മാത്രം 31 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് സംസ്ഥാനത്തെ ആകെ കേസുകളിൽ പകുതിയും സിവാൻ ജില്ലയിലാണ്. രോ​ഗബാധിതനെ കണ്ടെത്താൻ കഴിഞ്ഞതിൽ ആശ്വാസവും സന്തോഷവുമുണ്ടന്ന് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. 

വൈറസ് നമുക്ക് കാണാന്‍ സാധിക്കാത്ത ശത്രുവാണെന്നും വീടുകളിൽ തന്നെ കഴിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവാന്‍ ജില്ലയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുടുംബാംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു മരണമുൾപ്പെടെ 60 കേസുകളാണ് ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ 199 മരണം ഉള്‍പ്പടെ 6,412 കോവിഡ് 19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

 

 

click me!