
ധരംശാല: ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. ശനിയാഴ്ച ഭാഗ്സു നാഗ് വെള്ളച്ചാട്ടത്തിന് സമീപത്താണ് സംഭവം. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ പവന്‍ കുമാര്‍ (32) ആണ് മുങ്ങി മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപത്തെ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ ശക്തമായ നീരൊഴുക്കില്‍പെട്ട യുവാവിന് രക്ഷപ്പെടാനായില്ല. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്. പവന്‍കുമാറിനൊപ്പം നാലു സുഹൃത്തുക്കളുമുണ്ടായിരുന്നു. കരയിലായിരുന്നതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു. പവനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴേക്കും ഒഴുകിപോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.
പവന്‍കുമാറിന്‍റെ സുഹൃത്താണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെ അപകടത്തെക്കുറിച്ച് വിവരം ലഭിച്ച മക്ലിയോഡ് ഗജ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പവന്‍ വെള്ളത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നുവെന്നുവെന്ന് പോലീസ് പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ 100 മീറ്റര്‍ താഴെയായുള്ള സ്ഥലത്തുനിന്നാണ് പവന്‍റെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് കാന്‍ഗ്ര എ.എസ്.പി ബിര്‍ ബഹദൂര്‍ പറഞ്ഞു. അപ്രതീക്ഷിതമായി ഇവിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടാകാറുണ്ട്. ഇത്തരം സ്ഥലങ്ങളിലിറങ്ങുമ്പോള്‍ വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും ഏതുസമയവും അപകടത്തിന് സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ ഇക്കഴിഞ്ഞമാസം അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചിരുന്നു. മിന്നല്‍ പ്രളയവും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും പലപ്പോഴായി മേഖലയിലുണ്ടാകാറുണ്ട്.
More stories...അടുത്ത കൂട്ടുകാർ, സംസാരിച്ചിരിക്കെ ചാക്കോ ക്ഷേത്രക്കുളത്തിലേക്ക് വീണു, രക്ഷിക്കാനിറങ്ങിയ ഗിരിയും മുങ്ങി, മരണം
More stories...കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽ പെട്ടു, മധ്യവയസ്കൻ മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam