
ലഖ്നൗ: ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരം യാത്രക്കായി ട്രെയിനിയിൽ കയറിയ യുവാവും സഹോദരനും കബളിപ്പിക്കപ്പെട്ടതായി പരാതി. ലഖ്നൗ-വാരാണസി ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത വിജയ്കുമാർ ശുക്ലയും സഹോദരനുമാണ് പറ്റിക്കപ്പെട്ടത്. 14204 ലഖ്‌നൗ-വാരണാസി ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തത്. സി1 കോച്ചിൽ 74, 75 സീറ്റുകൾ ഇവർക്ക് അനുവദിക്കുകയും പണം ഈടാക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെടും മുമ്പ് ഇരുവരും ടിക്കറ്റുമായി ട്രെയിനിൽ കയറി സീറ്റ് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം മനസ്സിലായത്.
കോച്ചിൽ 73 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇല്ലാത്ത സീറ്റ് അനുവദിച്ചാണ് ഇവരിൽ നിന്ന് പണം വാങ്ങിയത്. ഐആർസിടിസി വഴി ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഇവർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ടിക്കറ്റ് ബുക്കിംഗിലെ പ്രശ്നങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഒരു ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ ഇവരെ അറിയിച്ചു.
എന്നാൽ സാങ്കേതിക തകരാർ പരിഹരിക്കാൻ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് യുവാവ് ആരോപിച്ചു. യുവാവിനും സഹോദരനും പിന്നീട് മറ്റ് രണ്ട് സീറ്റുകൾ അനുവദിച്ചു. സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. സാങ്കേതിക പ്രശ്നമാണെന്നു ഇൻഫർമേഷൻ സംവിധാനത്തിലെ പിഴവാകാമെന്നും അധികൃതർ മറുപടി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam