
ദില്ലി : പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകിയിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ 9 എണ്ണം മാത്രമാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ലക്ഷ്യമിടുന്നത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ടി ആർ എഫ് തലവൻ ഷെയ്ഖ് സജ്ജാദ് ഗുല്ലിൻ്റേതടക്കം താവളങ്ങളാണ്. റാവൽപിണ്ടിയിലെ ഇയാളുടെ താവളവും ലക്ഷ്യത്തിലുണ്ട്. ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന 21 കേന്ദ്രങ്ങളിൽ ഗില്ലിൻ്റെ താവളവും ഉൾപ്പെടും.
സജ്ജാദ് ഗുൽ കേരളത്തിലും കഴിഞ്ഞിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. പഠനത്തിന് വേണ്ടിയാണ് ഷെയ്ഖ് സജാദ് ഗുൽ കേരളത്തിലടക്കം എത്തിയത്. ബെംഗളൂരുവിലെ എംബിഎ പഠനത്തിന് ശേഷം കേരളത്തിൽ എത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി. ശ്രീനഗറിൽ ലാബ് നടത്തുന്നതിനിടെയാണ് ലഷ്കറിന്‍റെ നിഴൽ സംഘടനയായ ടിആർഎഫിൽ സജീവമായത്. മറ്റ് നിരവധി ഭീകരാക്രണങ്ങളിലും സജാദ് ഗുല്ലിന് പങ്കെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഗുൽ, പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ലഷ്കർ ഇ തൊയ്ബയുടെ സംരക്ഷണയിൽ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. 2020 മുതൽ 2024 വരെ മധ്യ, ദക്ഷിണ കശ്മീരുകളിൽ നടന്ന കൊലപാതകങ്ങൾ, 2023 ൽ മധ്യ കശ്മീരിൽ നടന്ന ഗ്രനേഡ് ആക്രമണങ്ങൾ, ബിജ്ബെഹ്ര, ഗഗാംഗീർ, ഗണ്ടർബാലിലെ ഇസഡ്-മോർ ടണൽ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായആക്രമണങ്ങൾ എന്നിവയുൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകര പ്രവർത്തനങ്ങളുമായി അയാൾക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.
2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തീവ്രവാദിയായി പ്രഖ്യാപിച്ച ഗുലിന് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിൽ ഇയാളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam