ത്രിപുരയിലും നാളെ വിധി! ബിജെപിക്ക് നിർണായകം, കേവല ഭൂരിപക്ഷത്തിൽ സിപിഎം വെല്ലുവിളി; യുപിയിൽ 'ഇന്ത്യ' പോരാട്ടം

Published : Sep 04, 2023, 09:11 PM ISTUpdated : Sep 04, 2023, 09:15 PM IST
ത്രിപുരയിലും നാളെ വിധി! ബിജെപിക്ക് നിർണായകം, കേവല ഭൂരിപക്ഷത്തിൽ സിപിഎം വെല്ലുവിളി; യുപിയിൽ 'ഇന്ത്യ' പോരാട്ടം

Synopsis

നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പി ധൻപ്പൂരിലും ബോക്സാനഗറിലും വലിയ പ്രചരണം ആണ് നടത്തിയത്

ദില്ലി: പുതുപ്പള്ളിക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുരയില്‍ രണ്ട് ഇടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി ജെ പിക്കും 'ഇന്ത്യ' മുന്നണിക്കും ഏറെ നിർണായകമാണ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട സി പി എം - കോണ്‍ഗ്രസ് ഐക്യമുന്നണിയാണ് ഉപതെരഞ്ഞെടുപ്പിലും ബി ജെ പിയെ നേരിടുന്നത്. ഇതിനൊപ്പം തന്നെ ഉത്തർപ്രദേശിലെ ഘോസിയിലെ ഉപതെരഞ്ഞെടുപ്പും ഇന്ത്യ മുന്നണിയുടെ കരുത്ത് പരീക്ഷിക്കുന്നതാകും.

ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം: 'ഇന്ത്യ'യിലും എതിർപ്പ്, പരസ്യ വിമർശനവുമായി ഉദ്ദവ് വിഭാഗം; കടുപ്പിച്ച് ബിജെപി

ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ധൻപ്പൂരില്‍ ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എം സ്ഥാനാര്‍ത്ഥി. ത്രിപുരയിലെ ബോക്സാനഗറില്‍ സി പി എമ്മിന്‍റെ എം എം എൽ എ ആയിരുന്ന ഷംസുല്‍ ഹഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഷംസുല്‍ ഹഖിന്‍റെ മകൻ മിയാന്‍ ഹുസൈനാണ് സി പി എം സ്ഥാനാർത്ഥി. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ സി പി എം വിമർശിച്ചപ്പോള്‍ ഷംസുല്‍ ഹഖിന്‍റെ മകനെ സി പി എം സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു.ബോക്സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ട്. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പി ധൻപ്പൂരിലും ബോക്സാനഗറിലും വലിയ പ്രചരണം ആണ് നടത്തിയത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബോക്സാനഗറില്‍ തഫാ‍ജല്‍ ഹുസൈനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് ബി ജെ പി നീക്കം.

പശ്ചിമബംഗാളിലെ ദുപ്‍ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബി ജെ പിയും സി പി എം കോൺഗ്രസ് സഖ്യവും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ബി ജെ പിയുടെ എം എല്‍ എ മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപതെര‍ഞ്ഞെടുപ്പില്‍ ടി എം സി നേതാവും മുന്‍ ദുപ്‍ഗുരി എം എല്‍ എയുമായ മിതാലി റോയി ബി ജെ പിയില്‍ ചേർന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. വിജയിച്ച് മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ.

ഇന്ത്യ മുന്നണിയുടെ യഥാർത്ഥ കരുത്ത് പരീക്ഷിക്കുന്നതാകും ഉത്തർപ്രദേശ് ഘോസിയിലെ തെരഞ്ഞെടുപ്പ്. സമാജ്‍വാദി പാര്‍ട്ടി എം എല്‍ എ ധാര സിങ് ചൗഹാൻ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേർന്നതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കാരണമായത്. ഉപതെരഞ്ഞെടുപ്പില്‍ ധാര സിങ് ചൗഹാൻ ബി ജെ പി സ്ഥാനാർത്ഥിയാകുമ്പോള്‍ 'ഇന്ത്യ' മുന്നണിയിലെ കോണ്‍ഗ്രസ് ഇടത് ആം ആദ്മിപാര്‍ട്ടികളുടെ പിന്തുണയിലാണ് സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിർത്തിയിരിക്കുന്നത്. ജാർഖണ്ഡ് , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു