Latest Videos

യാസ് ചുഴലിക്കാറ്റ് കരയിലേക്ക്; ഉച്ചയോടെ പൂർണമായും കരയിലെത്തും

By Web TeamFirst Published May 26, 2021, 5:56 AM IST
Highlights

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റ് യാസ് കരയിലേക്ക്. ഇന്ന് പുലർച്ചയോടെ യാസ് കരയിലേക്ക് അടുത്തു. ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും  പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര - ബാലസോർ  സമീപത്തു കൂടി മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം. ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കും. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിലേക്ക് കയറി തുടങ്ങും.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാർ, ഝാർഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40  വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. രണ്ട് പേർ മിന്നലേറ്റ് മരിച്ചു.

ഇന്ന് രാവിലെ എട്ടര മുതൽ  രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും  കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നി‍ർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.

click me!